സീത-അക്ബർ ദമ്പതികൾ മാത്രമല്ല; മൃഗശാലകളിൽ രാമനും മുംതാസും ഉണ്ടായിരുന്നു

1970ല് ഗുജറാത്തിലെ ജുനഗഡ് മൃഗശാലയിലാണ് രാമനെന്നും മുംതാസെന്നും പേരുള്ള സിംഹങ്ങളുണ്ടായിരുന്നത്

dot image

മൃഗങ്ങള്ക്ക് ദൈവങ്ങളുടെ പേരിടുന്നതിനെതിരെ കല്ക്കത്ത ഹൈക്കോടതി നിലപാടെടുത്തത് രാജ്യത്ത് വലിയ ചര്ച്ചയായിരുന്നു. ബംഗാളിലെ മൃഗശാലയില് സിംഹങ്ങള്ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് നല്കിയ ഹര്ജിയിലായിരുന്നു കോടതി ഇടപെടല്. സിംഹങ്ങള്ക്ക് പേരിട്ട രണ്ട് ഉദ്യോഗസ്ഥരെ ത്രിപുരയില് സസ്പെന്ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല് മൃഗശാലയിലെ സിംഹങ്ങള്ക്കും കടുവകള്ക്കുമെല്ലാം സീത അക്ബര് എന്നിങ്ങനെയുള്ള പേരുകള് നല്കുന്നത് സര്വ്വസാധാരണമാണെന്ന വിവരമാണ് ഇപ്പോള് പുറത്ത് വരുന്നത്. ദേശീയ മൃഗശാല അതോറിറ്റിയുടെ നാഷണല് സ്റ്റഡ് ബുക്കുകളാണ് രാജ്യത്തുടനീളമുള്ള സിംഹങ്ങള്ക്കും കടുവകള്ക്കും സീത അക്ബര് തുടങ്ങിയ പേരുകള് സാധാരണമാണെന്ന് വ്യക്തമാക്കുന്നത്. സീതയും അക്ബറും ഒരുമിച്ചത് വിവാദമാകുമ്പോള് രാമനും മുംതാസും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലവും ഇന്ത്യയിലുണ്ടായിരുന്നു. 1970ല് ഗുജറാത്തിലെ ജുനഗഡ് മൃഗശാലയിലാണ് രാമനെന്നും മുംതാസെന്നും പേരുള്ള സിംഹങ്ങളുണ്ടായിരുന്നത്.1980ല് മൈസൂരിലെ രാധാ-കൃഷ്ണ എന്നീ കടുവ ദമ്പതികള്ക്കുണ്ടായ കുഞ്ഞുങ്ങള്ക്കിട്ട പേര് മുംതാസ് എന്നും സഫ്ദറെന്നുമായിരുന്നു. 2004 ജുനഗഡ് മൃഗശാലയില് പിറന്ന പെണ്സിംഹത്തിന് പേരിട്ടത് ആസാദി എന്നായിരുന്നു.

വിഎച്ച്പി ഹര്ജി പരിഗണിക്കുമ്പോള് ഒരു സിംഹത്തിന് സാമ്രാട്ട് അശോക് എന്ന് പേരിടുമോയെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചിരുന്നു. എന്നാല് ജുനഗഡ് മൃഗശാലയില് 1991ല് അശോക എന്ന പേരില് ഒരു സിംഹമുണ്ടായിരുന്നു. ഒഡീഷയിലെ നന്ദന്കനന് മൃഗശാലയില് 1981ലും 1994ലും അശോക എന്ന പേരില് രണ്ട് കടുവകളുണ്ടായിരുന്നു. പിന്നീട് ഈ അശോകമാരില് ഒരാള്ക്കും അവന്റെ ഇണ തനൂജയ്ക്കും പിറന്ന കുഞ്ഞിന്റെ പേര് ഷംഷേര് എന്നായിരുന്നു. ഷംസേറിൻ്റെ അമ്മയുടെ അച്ഛന്റെ പേര് വിശ്വാമിത്രന് എന്നായിരുന്നു.

കാട്ടില് നിന്നും പിടികൂടിയ മോഹന് ബീഗം എന്നീ രണ്ട് കടുവകള്ക്ക് മധ്യപ്രദേശിലെ രേവ മൃഗശാലയില് വെച്ച് 1955ല് ഉണ്ടായ പെണ്കുഞ്ഞിന്റെ പേര് സീതയെന്നായിരുന്നു. ഇന്ത്യയില് മൃഗശാലയില് പിറക്കുന്ന ആദ്യത്തെ കടുവ എന്ന വിശേഷണവും ഈ സീതയ്ക്കുണ്ടായിരുന്നു. പൂനെ മൃഗശാലയില് കൈകേയി എന്ന പെണ്കടുവയ്ക്ക് 1992ലും 1994ലും പിറഞ്ഞ കുഞ്ഞുങ്ങള്ക്ക് സുല്ത്താനെന്നും മസ്താനിയെന്നുമായിരുന്നു പേര് നല്കിയത്. ആന്ധ്രയിലെ തിരുപ്പതി മൃഗശാലയിലെ ഹസീന് എന്ന കടുവയുടെ കുഞ്ഞുങ്ങള്ക്ക് നല്കിയത് കൃഷ്ണ, ബലറാം, സുഭദ്ര എന്നീ പേരുകളായിരുന്നു. 1999ല് ഗണേഷ്-പാര്വ്വതി എന്ന കടുവ ദമ്പതികളുടെ കുട്ടികള്ക്ക് വിഷ്ണു, കൃഷ്ണ, ദുര്ഗ എന്നിങ്ങനെയായിരുന്നു പേരുകള് നല്കിയത്. 1991ല് പഞ്ചാബിലെ ഛത്ബിര് മൃഗശാലയില് സീതയും ബലരാമനും ഇണകളായിരുന്നു. 1991ല് പൂനെയില് ലക്ഷ്മിയുടെ ഇണയുടെ പേര് ആന്റണി എന്നായിരുന്നു.

1974 മുതല് കര്ണാടക, ഡല്ഹി, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, പഞ്ചാബ്, ബിഹാര്, രാജസ്ഥാന്, ഒഡീഷ എന്നിവിടങ്ങളിലെ 12 മൃഗശാലകള് കുറഞ്ഞത് 13 കടുവകള്ക്ക് സീതയെന്ന് പേരുണ്ട്. മുംബൈയിലെ ബൈക്കുള മൃഗശാലയില് 1996-ല് സിംഹത്തിന് സീത എന്ന് പേരിട്ടു. 2011ല് ഹൈദരാബാദ് മൃഗശാലയില് സിംഹം അതുലിനും സോണിയ സിംഹത്തിനും ജനിച്ച ആണ്കുഞ്ഞിന് അക്ബര് എന്ന് പേരിട്ടു. അക്ബറിന്റെ അതേ ജനുസിലുള്ള സഹോദരിയുടെ പേര് ലക്ഷ്മിയെന്നാണ്. 1981-ല് മൈസൂര് മൃഗശാലയിലെ മൂന്ന് കടുവക്കുട്ടികള്ക്ക് അമര്, അക്ബര്, അന്തോണി എന്നാണ് പേരിട്ടത്. 2016ല് മംഗലാപുരം മൃഗശാലയിലും ഇതേ പേരിട്ടുണ്ട്. ഇന്ത്യന് മൃഗശാലകളിലെ ഡസന് കണക്കിന് മൃഗങ്ങള്ക്ക് ബ്രഹ്മാവ്, ശിവന്, കൃഷ്ണന്, ബലറാം, ശങ്കര്, പാര്വതി, ദുര്ഗ്ഗ, സരസ്വതി, ലക്ഷ്മി, ഗണേഷ്, കാര്ത്തിക്, ഗംഗ, രാധ, യശോദ, കുന്തി തുടങ്ങിയ മത-പുരാണ കഥാപാത്രങ്ങളുടെ പേരുണ്ട്.

മൈസൂര് മൃഗശാലയിലെ കൃഷ്ണ എന്ന കടുവയുടെ മകളായി 1976-ല് പിറന്ന കുട്ടിക്ക് നൽകി പേര് ശൂര്പ്പണഖയായിരുന്നു. കൊല്ക്കത്തയിൽ ശിവ എന്ന കടുവയ്ക്ക് 1987ൽ പിറന്ന പെൺകുഞ്ഞിൻ്റെ പേര് ബീഗം എന്നായിരുന്നു. പൂനെയില് ലക്ഷ്മി എന്ന കടുവ 1997-ല് ജിപ്സിയ്ക്കും റസിയയ്ക്കും ജന്മം നൽകി. കൊല്ക്കത്തയില് ഗായത്രി കടുവയ്ക്ക് 1998-ല് ജനിച്ച കുട്ടിയുടെ പേരാകട്ടെ ബാദുഷ എന്നായിരുന്നു. ഔറംഗബാദിലെ സീതയെന്ന കടുവ 2004-ല് പ്രസവിച്ച കുട്ടിക്ക് നൽകിയ പേര് കൈഫ് എന്നായിരുന്നു. ഗുജറാത്തിലെ ജുനാഗഡ് മൃഗശാലയില് തുളസി-സര്ജിത് ദമ്പതികൾക്ക് പിറന്ന കുട്ടിയുടെ പേര് താക്കൂര് എന്നായിരുന്നു. 2011-ല് കര്ണാടകയിലെ ബന്നാർഘട്ട മൃഗശാലയില് പിറന്ന ശിവയുടെ അമ്മയുടെ പേര് മേനക എന്നായിരുന്നു. ഭിലായ് മൃഗശാലയില് ഗംഗ എന്ന കടുവയുടെ കുട്ടിക്ക് സുല്ത്താൻ എന്നായിരുന്ന പേര് നൽകിയത്, ഇറ്റാവയിൽ സുല്ത്താനെന്ന പേരിലുള്ള സിംഹത്തിൻ്റെ മകന് നൽകിയ പേര് ശങ്കറെന്നായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us