ന്യൂഡല്ഹി: മെട്രോ ടെയിന് മുന്നില് ചാടിയ 39കാരന് ദാരുണാന്ത്യം. ഡല്ഹിയിലാണ് സംഭവം. ഡല്ഹി മെട്രോ യെല്ലോ ലൈനില് ട്രെയിന് ഉദ്യോഗ് ഭവന് മെട്രോ സ്റ്റേഷനില് ഇന്ന് രാവിലെയായിരുന്നു സംഭവം. കാന്സര് സ്ഥിരീകരിച്ചതിന് പിന്നാലെ നിരാശയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.
ട്രെയിന് സ്റ്റേഷനിലേക്ക് അടുക്കവെ യുവാവ് പാളത്തിലേക്ക് ചാടുകയായിരുന്നു. രോഗത്തെ തുടര്ന്ന് യുവാവ് അസ്വസ്ഥനായിരുന്നുവെന്നും എന്നാല് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭത്തെ തുടര്ന്ന് അര മണിക്കൂറിലധികം മെട്രോ സര്വീസുകള് നിര്ത്തിവെച്ചു.
സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, സിസിടിവി ദൃശ്യങ്ങള് അടക്കം പരിശോധിച്ചാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്. യുവാവിന്റെ പോക്കറ്റില് ഒരു മൊബൈല് നമ്പര് എഴുതിയ പേപ്പര് മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പെയിന്റിങ് ജോലിക്കാരനായിരുന്ന യുവാവിന് രോഗം മൂര്ച്ഛിച്ചതോടെ ജോലിക്ക് പോകാന് സാധിച്ചിരുന്നില്ലെന്ന് ഇയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)