ന്യൂഡൽഹി: ഇംഫാല് ഈസ്റ്റ് ജില്ലയില് നിന്ന് മെയ്തേയ് സംഘടനയായ അറംബായ് ടെങ്കോലിന്റെ കേഡര്മാര് അഡീഷണല് പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയതിനെ തുടര്ന്ന് മണിപ്പൂരില് വീണ്ടും സംഘര്ഷം. സംഘര്ഷത്തെ തുടര്ന്ന് സൈന്യത്തെ വിളിച്ചിട്ടുണ്ട്. ഇംഫാല് ഈസ്റ്റില് അസം റൈഫിള്സിന്റെ നാല് ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്ത്താ ഏജന്സി പിടിഐ റിപ്പോര്ട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോയ ഇംഫാല് ഈസ്റ്റ് അഡീഷണല് പോലീസ് സൂപ്രണ്ട് അമിത് സിങ്ങിനെ പിന്നീട് പോലീസും സുരക്ഷാ സേനയും അടിയന്തിര ഇടപെടലിലൂടെ രക്ഷപെടുത്തുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയില് പ്രവേശിപ്പിച്ചു. അമിത് സിങ്ങിന്റെ നില തൃപ്തികരമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു ആയുധധാരികളായ 200ഓളം അക്രമികള് അമിത് സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. അക്രമികള് വീട് കൊള്ളയടിക്കുകയും വെടിയുതിര്ക്കുകയും കുറഞ്ഞത് നാല് വാഹനങ്ങളെങ്കിലും നശിപ്പിക്കുകയും ചെയ്തതായാണ് മണിപ്പൂര് പൊലീസിന്റെ വിശദീകരണം. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.
ആക്രമണ വിവരമറിഞ്ഞ് അധിക സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തുകയും ആക്രമികളെ തുരത്തുകയുമായിരുന്നു. സംഭവത്തില് അഞ്ചോളം അക്രമകാരികള്ക്ക് പരിക്കേറ്റു. സംഭവത്തിനിടയില്, അഡീഷണല് എസ്പിയെയും അദ്ദേഹത്തിന്റെ ഒരു എസ്കോര്ട്ടിനെയും ആയുധധാരികളായ അക്രമികള് തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.