നാളെ ഫെബ്രുവരി 30 ആണെന്ന് കരുതുന്നുണ്ടോ, എന്നാൽ വണ്ടിയോടിക്കരുത്; ഇതാ ഒരു വെറൈറ്റി വാണിങ്

'നിങ്ങൾക്ക് അധിക ദിവസം ലഭിക്കും, എന്നാൽ അധിക ജീവിതം ലഭിക്കില്ല'

dot image

ഡൽഹി: മദ്യപാനം ആരോഗ്യത്തിന് ഹാനികരം, മദ്യപിച്ച് വാഹനം ഓടിക്കരുത്.... ഇതെല്ലാം ഏറെ കാലമായി കേൾക്കുന്ന ക്യാപ്ഷനുകളാണല്ലേ. എന്നാൽ ഡൽഹി പൊലീസ് അതൊന്ന് മാറ്റിപ്പിടിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ഫെബ്രുവരിയെയാണ് ഡൽഹി പൊലീസ് കൂട്ടുപിടിച്ചത്. ഡൽഹി പൊലീസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സന്ദേശം പങ്കുവച്ചിരിക്കുന്നത്.

'നാളെ ഫെബ്രുവരി 30 ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ, എങ്കിൽ വണ്ടിയോടിക്കരുത്, നിങ്ങൾ മദ്യപിച്ചിട്ടുണ്ട്' എന്നാണ് ആ വെറൈറ്റി ക്യാപ്ഷൻ. അധിവർഷമായ 2024 ൽ 29 ദിവസമുള്ള ഫെബ്രുവരിയെ സൂചിപ്പിച്ചാണ് ഈ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം മറ്റൊരു ക്യാപ്ഷൻ കൂടിയുണ്ട്, 'നിങ്ങൾക്ക് അധിക ദിവസം ലഭിക്കും, എന്നാൽ അധിക ജീവിതം ലഭിക്കില്ല'.

റോഡ് സുരക്ഷയ്ക്കായി ഇത്തരം സന്ദേശങ്ങളുമായി ഡൽഹി പൊലീസ് എത്തുന്നത് ഇതാദ്യമല്ല. സുരക്ഷാ മാനദണ്ഡങ്ങൾ ജനങ്ങളിലെത്തിക്കാൻ ഏറ്റവും നൂതനമായ ടെക്നിക്കുകളും ട്രോളുകളും രസകരമായ കമന്റുകളുമാണ് ഡൽഹി പൊലീസിന്റെ ആയുധം. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഹെൽമറ്റ് ധരിക്കാൻ മറന്ന സർഫറാസ് ഖാനോട് ഹീറോ ആകാൻ ശ്രമിക്കേണ്ട, ഹെൽമറ്റ് ധരിക്കൂ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ പറയുന്നതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചും ഡൽഹി പൊലീസ് സോഷ്യൽ മീഡിയയിലൂടെ സുരക്ഷാ സന്ദേശം പങ്കുവച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന സന്ദേശമാണ് ഡൽഹി പൊലീസ് ഈ വീഡിയോ ഉപയോഗിച്ച് ഇത്തവണ പങ്കുവച്ചത്.

dot image
To advertise here,contact us
dot image