മഹാരാഷ്ട്രയിൽ നാടകീയരംഗങ്ങൾ: ഷിൻഡെ-പവാർ പക്ഷം കൂടിക്കാഴ്ച; എൻഡിഎ നേതാക്കൾക്ക് അത്താഴവിരുന്നിന് ക്ഷണം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്റെ നീക്കം ഒരേ സമയം എൻഡിഎയെയും ഇൻഡ്യ മുന്നണിയെയും ഞെട്ടിച്ചിരിക്കുകയാണ്

dot image

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും അപ്രതീക്ഷിത നാടകീയ രംഗങ്ങൾ. എൻസിപി ശരത് പവാർ പക്ഷ സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡേയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ളാവിലാണ് കൂടിക്കാഴ്ച്ച.

മറ്റന്നാൾ ഷിൻഡെ, ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, അജിത്ത് പവാറടക്കമുളള എൻഡിഎ നേതാക്കളെ ശരത് പവാർ അത്താഴവിരുന്നിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ബാരമതിയിലെ തന്റെ വസതിയിലേക്കാണ് ഇവരെ പവാർ ക്ഷണിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്റെ നീക്കം ഒരേ സമയം എൻഡിഎയെയും ഇൻഡ്യ മുന്നണിയെയും ഞെട്ടിച്ചിരിക്കുകയാണ്.

25 വർഷത്തെ പഴക്കമുള്ള പാർട്ടി 2023 ജൂൺ-ജൂലൈയിലാണ് രണ്ടായി പിളർന്നത്. പിളർന്ന അജിത്ത് പവാർ പക്ഷം എൻഡിഎയ്ക്കൊപ്പമാണ്. യഥാർത്ഥ എൻസിപി ആരെന്ന തർക്കത്തിനൊടുവിൽ ഇത് അജിത്ത് പവാർ പക്ഷമാണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയത് ശരത് പവാറിന് തിരിച്ചടിയായിരുന്നു. ഇതോടെ എൻസിപിയുടെ ചിഹ്നവും അജിത്ത് പവാർ പക്ഷത്തിന്റേതായിരുന്നു. ശരത് പവാറും മകൾ സുപ്രിയ സുലെയുമടക്കമുള്ള പക്ഷം എൻസിപി (ശരത്ചന്ദ്ര പവാർ) പക്ഷമെന്നാണ് അറിയപ്പെടുന്നത്.

dot image
To advertise here,contact us
dot image