ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ആറംഗ സമിതി രൂപീകരിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു വ്യക്തമാക്കി.
സുഖ്വീന്ദർ സിംഗ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ്, ഉപമുഖ്യമന്ത്രി എന്നിവർ അംഗങ്ങളായ ആറംഗ സമിതിക്ക് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് രൂപം നൽകി. പാർട്ടിയിലെ ഭിന്നത പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാർ അഞ്ച് വർഷം തികയ്ക്കുമെന്ന് കൂടിക്കാഴ്ചകൾക്ക് ശേഷം ഡി കെ ശിവകുമാർ വ്യക്തമാക്കി.
അതേസമയം, വിമത എംഎൽഎമാരെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് രംഗത്ത് വന്നു. വിമതർ ഉയർത്തിയ പ്രശ്നങ്ങള് പരിഹരിക്കാത്തതിൻ്റെ അനന്തരഫലമാണ് രാജ്യസഭ തിരഞ്ഞെടുപ്പിൽ അനുഭവിച്ചത്. ഒരു വർഷമായി വിമതർ ഉയർത്തിയ പ്രശ്നങ്ങള് പരിഹരിച്ചില്ല. വിഷയം ലോക്സഭ തിരഞ്ഞെടുപ്പിൽ ബാധിക്കുമെന്നും ഹിമാചൽ പിസിസി അധ്യക്ഷ പറഞ്ഞു.
രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎല്എമാരെ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര് കുല്ദീപ് സിംഗ് പതാനിയയുടെ നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തീരുമാനം. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കിയതോടെ 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു. 40 എം എൽ എ മാർ ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ്ഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയായിരുന്നു. 25 എം എൽ എ മാർ മാത്രമുള്ള ബിജെപി ആറ് കോൺഗ്രസ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.