ഹൈദരാബാദ്: വൈകിയെത്തിയതിന്റെ പേരിൽ പരീക്ഷയെഴുതുന്നത് വിലക്കിയതിൽ മനംനൊന്ത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് സംഭവം. സത്നാല ഡാമിൽ ചാടിയാണ് വിദ്യാർത്ഥിയായ ശിവകുമാർ ജീവനൊടുക്കിയത്. ഡാമിൽ നിന്ന് ശിവകുമാറിന്റെ മൃതദേഹം കണ്ടെടുത്തു. ശിവകുമാർ ചാടിയതെന്ന് കരുതുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുറിപ്പിനൊപ്പം ശിവകുമാറിന്റെ വാച്ചും പേഴ്സും മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിൽ ശിവകുമാറിന്റെയും അച്ഛന്റെയും ഫോട്ടോയുമുണ്ട്.
ശിവകുമാർ അച്ഛനാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. 'അച്ഛാ, സോറി, എന്നോട് ക്ഷമിക്കണം. ഈ മാനസ്സികാഘാതം എനിക്ക് താങ്ങാനാകുന്നില്ല. അച്ഛൻ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ ഒന്നും തിരിച്ച് നൽകാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ഇത്രയും വേദന തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. എനിക്ക് ഇതാദ്യമായി പരീക്ഷയെഴുതാൻ പറ്റിയില്ല. എനിക്ക് വല്ലാതെ വിഷമം തോനുന്നു'; ആത്മഹത്യാക്കുറിപ്പിൽ ശിവകുമാർ എഴുതി.
കുട്ടിയുടെ മൃതദേഹം ഡാമിൽ നിന്ന് കണ്ടെത്തിയതോടെ തകർന്നുപോയ ബന്ധുക്കളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെലങ്കാനയിൽ ഏകദേശം 10 ലക്ഷം കുട്ടികളാണ് ഇന്റർമീഡിയേറ്റ് പരീക്ഷയെഴുതുന്നത്. ഇന്നലെയാണ് പരീക്ഷ ആരംഭിച്ചത്. മിനിട്ടുകൾ വൈകിയതിന്റെ പേരിൽ പരീക്ഷ എഴുതുന്നത് തടഞ്ഞ തെലങ്കാന പരീക്ഷാ നിയമത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
പത്ത് മാസത്തിനിടെ ഗുർമീതിന് ലഭിച്ചത് ഏഴ് പരോൾ; ഹരിയാന സർക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി