ഡൽഹി: മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി. ഞാൻ മോദിയുടെ കുടുംബം എന്ന പ്രചാരണ വാചകം ഉയർത്തിയാണ് മറുപടി. ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി നൽകിയിരിക്കുന്നത്. മോദി കാ പരിവാർ (മോദിയുടെ കുടുംബം) എന്നാണ് എല്ലാവരും സോഷ്യൽ മീഡിയ ഹാന്റിലിൽ ചേർത്തിരിക്കുന്നത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വാചകം കൂടി ആവുകയാണിത്. 2019 ൽ ഞാനും കാവൽക്കാരൻ (മേം ഭി ചൗക്കിധാർ) എന്ന മുദ്രാവാക്യമായിരുന്നു ബിജെപി ഉയർത്തിയിരുന്നത്. ഇതിനെതിരെ ചൗകിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം കോൺഗ്രസും ഉയർത്തിയിരുന്നു. അമിത്ഷായ്ക്ക് പുറമെ നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, ശിവരാജ് സിങ് ചൗഹാൻ എന്നിവരും അക്കൗണ്ടിൽ മോദിയുടെ കുടുംബം എന്ന് ചേർത്തു.
പാറ്റ്നയിലെ ഒരു റാലിയിൽ വച്ച് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുടുംബമില്ല എന്ന പരാമർശം ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് നടത്തിയത്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്നാണ് ലാലു പ്രസാദ് യാദവ് ചോദിച്ചത്. മോദി ഒരു യഥാർത്ഥ ഹിന്ദുവല്ല. യഥാർത്ഥ ഹിന്ദു തന്റെ മാതാപിതാക്കൾ മരിക്കുമ്പോൾ മകനെന്ന നിലയിൽ തലയും താടിയും ഷൗരം ചെയ്യുമെന്നും മോദി അമ്മ മരിച്ചപ്പോൾ അത് ചെയ്തില്ലെന്നും ലാലു പ്രസാദ് പറഞ്ഞിരുന്നു.
ഇന്ത്യ സ്നേഹത്തിന്റെ രാജ്യം, ബിജെപിയെ പുറത്താക്കി സര്ക്കാര് രൂപീകരിക്കും: രാഹുല് ഗാന്ധി