മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ഡല്ഹി യൂണിവേഴ്സിറ്റി മുന് പ്രൊഫസര് ജി എന് സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്മീകി എസ് എ മനേസസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
2014ലായിരുന്നു ജി എന് സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. അദ്ദേഹമുള്പ്പടെ അഞ്ച് പേര് കുറ്റക്കാരാണെന്ന് 2017ല് സെഷന്സ് കോടതി വിധിച്ചു. 2022ല് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല് മഹാരാഷ്ട്ര സര്ക്കാര് ഇതിനെതിരെ അപ്പീല് നല്കി. തുടര്ന്ന് വിധി റദ്ദാക്കിയ സുപ്രീംകോടതി വിഷയം പുതുതായി പരിഗണിച്ച് തീര്പ്പാക്കാന് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും നിര്ദേശമുണ്ടായിരുന്നു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ചാണ് വാദം കേട്ടത്. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിക്കാന് കഴിയാത്തതിനാല് സായിബാബ ഉള്പ്പടെ അഞ്ച് പേരെ വെറുതെ വിടുകയാണെന്ന് കോടതി വ്യക്തമാക്കി. പ്രതികള്ക്കെതിരെ യുഎപിഎ ചുമത്താനുള്ള അനുമതിയും കോടതി റദ്ദാക്കി. നിലവില് നാഗ്പൂര് സെന്ട്രല് ജയിലിലാണ് ജി എന് സായിബാബ.