ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസ് 12,13 ലോക്സഭ സീറ്റുകളില് വിജയിക്കുമെന്ന് മുതിര്ന്ന നേതാവ് കമല്നാഥ്. സംസ്ഥാനത്തെ ജനങ്ങളില് നിന്ന് ശേഖരിച്ച വിവരങ്ങൡ നിന്നാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പില് സംസ്ഥാനത്തെ 29ല് 28 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഒരു സീറ്റ് മാത്രമാണ് കോണ്ഗ്രസിന് ലഭിച്ചത്. ഈ സീറ്റില് കമല്നാഥിന്റെ മകന് നകുല് നാഥാണ് വിജയിച്ചത്. ബുധനാഴ്ച നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 15 മുതല് 20 കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും കമല്നാഥ് പറഞ്ഞു. താന് ബിജെപിയില് ചേരുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.
'നിങ്ങള്(മാധ്യമങ്ങള്) അത് എന്നില് നിന്ന് കേട്ടോ?. നിങ്ങള് എല്ലായിടത്തും വാര്ത്ത പ്രചരിപ്പിക്കുക. എന്നിട്ട് എന്നോട് അതിനെ കുറിച്ച് ചോദിക്കുകയാണ്.', കമല്നാഥ് പറഞ്ഞു.
ചിന്ദ്വാര ലോക്സഭ മണ്ഡലത്തില് തന്റെ മകന് നകുല്നാഥ് വീണ്ടും മത്സരിക്കുമെന്നും കമല്നാഥ് പറഞ്ഞു. 'എന്റെ യൗവ്വനം മുഴുവന് നീക്കിവെച്ചത് ചിന്ദ്വാരയുടെ വികസനത്തിന് വേണ്ടിയാണ്. അവിടത്തെ ജനങ്ങളുമായി 45 വര്ഷം നീണ്ട ബന്ധമാണ്.', മണ്ഡലം പിടിച്ചെടുക്കാനുള്ള ബിജെപി ശ്രമങ്ങളെ കുറിച്ച് ചോദിച്ചപ്പോള് കമല്നാഥിന്റെ മറുപടി ഇങ്ങനെയായിരുന്നു.