ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. 2018ൽ ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി. നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാട് തുടങ്ങിയ ആരോപണങ്ങളാണ് ചുമത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് 2019ൽ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിജെപി രാഷ്ട്രീയ പകപോക്കലാണെന്നും ജുഡീഷ്യറിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ശിവകുമാർ പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ശിവകുമാർ ആദ്യ പരിശോധനയ്ക്ക് വിധേയനായപ്പോൾ ആരംഭിച്ച നിയമപോരാട്ടത്തിൻ്റെ പരിസമാപ്തിയാണ് മാർച്ച് 5-ലെ സുപ്രീം കോടതിയുടെ തീരുമാനം.
2017 ൽ അദ്ദേഹവും സഹായികളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത പണം ഇഡി കണ്ടെത്തിയതായി കാണിച്ച് ഇഡി ശിവകുമാറിനെതിരെ അന്വേഷണം നടത്തുകയായിരുന്നു. ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളും തുടര്ച്ചയായി വലിയ അളവില് കണക്കില്ലാത്ത അത്രയും പണം ഹവാല വഴി കടത്തുന്നുണ്ടന്നും, മൂന്ന് പേരാണ് ഇതിന് സഹായിക്കുന്നതെന്നുമായിരുന്നു ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നത്. 2019ല് ശിവകുമാര് ഇഡി സമന്സിനെതിരെ കര്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി സമൻസ് തള്ളിയിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.