ന്യൂഡൽഹി : ഗുരുഗ്രാമിലെ കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നർ കഴിച്ച അഞ്ച് പേർ രക്തം ഛർദിച്ചെന്ന് റിപ്പോർട്ട് . ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മാർച്ച് 2 ന് കഫേയിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേർക്കാണ് വയറു വേദനയും അസ്വസ്ഥതയും ഉണ്ടായത്. അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഭാര്യയ്ക്കും സുഹൃത്തുക്കള്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ഗുരുഗ്രാമിലെ കഫേയിൽ വന്നതാണെന്നും മൗത്ത് ഫ്രഷ്നർ കഴിച്ചതിന് പിന്നാലെ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
റസ്റ്റോറന്റിൽ ഉള്ളവർ ഇതിൽ എന്താണ് കലർത്തിയതെന്ന് അറിയില്ലെന്നാണ് ഇവര് പറയുന്നത്. വായയുടെ ഉള്ളിൽ എരിഞ്ഞതിന് പിന്നാലെ വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലം ഉണ്ടായില്ല. പരാതിയിൽ റസ്റ്റോറന്റ് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൗത്ത് ഫ്രഷ്നറിൽ മരണത്തിന് തന്നെ കാരണമാകുന്ന ഒരു തരം ആസിഡ് അടങ്ങിയിട്ടുണ്ടെന്നാണ് രോഗികളെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്.