
ന്യുഡൽഹി: ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച് പരാതിയില്ലെന്ന് ജാർഖണ്ഡിലെ ദുംക ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി. തങ്ങൾ കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിലുണ്ടെന്നും രാജ്യത്തുടനീളം 20,000 കിലോമീറ്റർ സുരക്ഷിതമായി സഞ്ചരിച്ചതിനാൽ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ തനിക്ക് പരാതിയില്ലെന്നും യുവതി പറഞ്ഞു. ബൈക്കിൽ ഭർത്താവിനൊപ്പം ബീഹാർ വഴി നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്.
'ഇന്ത്യയിലെ ജനങ്ങൾ നല്ലവരാണ്. ഞാൻ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ കുറ്റവാളികളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയിലെ ജനങ്ങൾ എന്നോട് വളരെ നന്നായി പെരുമാറി. പെൺകുട്ടികള് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സ്വയം പരിശീലിക്കണം'- യുവതി പറഞ്ഞു.
വേഗത്തിലുള്ള നടപടിക്ക് യുവതിയുടെ ഭർത്താവ് പൊലീസിന് നന്ദി പറഞ്ഞു. ദമ്പതികൾ ബീഹാറിലേക്ക് പോയെന്നും അവിടെ നിന്ന് നേപ്പാളിലേക്ക് കടക്കുമെന്നും ദുംക പോലീസ് സൂപ്രണ്ട് പിതാംബർ സിംഗ് ഖേർവാർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബീഹാറിലെ ഭഗൽപൂരിലേക്ക് ദുംക വഴി യാത്ര പോകുമ്പോളാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ലോകസഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ബൈക്കിൽ ഇവർ ഇന്ത്യയിലെത്തിയത്.
ജാര്ഖണ്ഡിലെത്തിയ ഇവര് ദുംകയില് രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു.അവിടെവച്ചാണ് ആക്രമണം നടന്നത്. സംഭവത്തില് ഉള്പ്പെട്ട മുഴുവന് പേരെയും തിരിച്ചറിഞ്ഞതായും നാല് പേരെ അറസ്റ്റ് ചെയ്തതായും ദുംക എസ്പി പീതാംബര് സിംഗ് ഖേര്വാള് മാധ്യമങ്ങളെ അറിയിച്ചു.