ചെന്നൈ: സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമര്ശത്തില് ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി.
2023 സെപ്റ്റംബര് രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്ശം. സനാതനധര്മം മലേറിയയും ഡെങ്കിയും പോലെ നിര്മാര്ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്ശം. ഉദയനിധി സ്റ്റാലിന് എതിരെയും പരാമര്ശ സമയത്ത് വേദിയിലുണ്ടായിരുന്ന മന്ത്രി പി കെ ശേഖര്, ഡി എം കെ എം പി എ രാജ എന്നിവര്ക്കെതിരെയുമായിരുന്നു ഹര്ജി. ഉദയനിധി സ്റ്റാലിന് സനാതന ധർമ്മത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചെങ്കിലും നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത ഹർജി തള്ളുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉദയനിധി സ്റ്റാലിനെ വിമർശിച്ചിരുന്നു. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തിനെതിരെയായിരുന്നു വിമർശനം. തൻ്റെ പരാമർശങ്ങളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്ത എഫ്ഐആറുകളെല്ലാം ഒന്നായതിനാൽ അവ ഒന്നിച്ച് പരിഗണിക്കണമെന്ന ഉദയനിധിയുടെ ഹർജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
പരാമര്ശത്തിന്റെ പ്രത്യാഘാതങ്ങള് അറിയാമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ഉദയനിധി സാധാരണക്കാരനല്ല, മന്ത്രിയാണ് പരാമർശത്തിന്റെ അനന്തര ഫലങ്ങൾ അറിയണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു. 'ഭരണഘടന ആർട്ടിക്കിള്1 9(1)(എ), ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശമാണ് ദുരുപയോഗം ചെയ്യുന്നത്. ഇപ്പോൾ നിങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. മന്ത്രിയാണ്. അനന്തരഫലങ്ങൾ നിങ്ങൾ അറിയണം', ബെഞ്ച് പറഞ്ഞു. ഈ കേസ് മാർച്ച് 15 ലേക്ക് മാറ്റി.
രാഹുൽ ഗാന്ധി വയനാടിനെ കൈവിടില്ല?; അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും