അഗര്ത്തല: എന്ഡിഎ മുന്നണിയുടെ ഭാഗമാവാന് തീരുമാനിച്ച് ത്രിപുരയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ ടിപ്ര മോത്ത. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ സംസ്ഥാനത്ത് മന്ത്രിസഭ പുഃനസംഘടന നടക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ പ്രശ്നപരിഹാരത്തിന് വേണ്ടി കേന്ദ്ര സര്ക്കാരും ത്രിപുര സര്ക്കാരും ടിപ്ര മോത്തയും ത്രികക്ഷി കരാറില് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ടിപ്ര മോത്തയുടെ ഈ തീരുമാനം.
ബിജെപിയുമായി കഴിഞ്ഞ ദിവസങ്ങളില് നടന്ന മാരത്തോണ് ചര്ച്ചകള്ക്ക് ശേഷമാണ് ടിപ്ര മോത്തയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി രണ്ട് ടിപ്ര എംഎല്എമാരെ മന്ത്രിസഭയില് ഉള്പ്പെടുത്തും. പ്രതിപക്ഷ നേതാവ് അനിമേഷ് ദേബര്മ്മ, ബ്രിഷകേതു ദേബര്മ്മ എന്നിവര് മന്ത്രിമാരാവാനുള്ള സാധ്യതയാണുള്ളത്.
ടിപ്ര മോത്ത എംഎല്എമാര് മന്ത്രിസഭയിലേക്ക് എത്തുന്നതോടെ സംസ്ഥാനത്തെ ആകെ മന്ത്രിമാരുടെ എണ്ണം 11ആവും. ലോക്സഭ തിരഞ്ഞെടുപ്പില് ടിപ്ര മോത്തയെ ഒരുമിച്ച് നിര്ത്താന് പ്രതിപക്ഷ കക്ഷികളായ സിപിഐഎം, കോണ്ഗ്രസ് എന്നിവര് ശ്രമിച്ചിരുന്നു. അവര്ക്ക് വലിയ തിരിച്ചടിയാണ് ടിപ്ര മോത്തയുടെ പുതിയ തീരുമാനം.