ലോക്സഭാ തിരഞ്ഞെടുപ്പ്; ആന്ധ്രയിൽ ബിജെപി-തെലുങ്കു ദേശം-ജനസേന സഖ്യം

തെലുങ്കുദേശം പാര്ട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡുവാണ് സഖ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്

dot image

വിശാഖപട്ടണം: ലോക്സഭാ തിരഞ്ഞെടുപ്പിലും ഒപ്പം നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാൻ തീരുമാനിച്ച് ബിജെപിയും തെലുങ്കുദേശം പാര്ട്ടിയും. ലോക്സഭാ തിരഞ്ഞെടുപ്പില് 400 സീറ്റ് ലക്ഷ്യമിടുന്ന എന്ഡിഎയ്ക്ക് ആന്ധ്രാപ്രദേശില് തെലുങ്കുദേശവുമായുള്ള സഖ്യം കരുത്തുപകരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില് തെലുങ്കുദേശം പാര്ട്ടിയും പവന്കല്യാണിന്റെ ജനസേന പാര്ട്ടിയുമായാണ് ബിജെപി സഖ്യത്തിലെത്തിയിരിക്കുന്നത്. അമിത്ഷായുമായി നടന്ന ചർച്ചയിലാണ് സഖ്യനീക്കം സംബന്ധിച്ച അന്തിമതീരുമാനത്തിലെത്തിയത്. ആകെയുള്ള 25 സീറ്റിൽ ടിഡിപി 17 സീറ്റിലും ജനസേന പാർട്ടി മൂന്ന് സീറ്റിലും ബിജെപി അഞ്ച് സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച ചന്ദ്രബാബു നായിഡുവിൻ്റെ നിർദ്ദേശം ബിജെപി നേതൃത്വം അംഗീകരിക്കുകയായിരുന്നു.

തെലുങ്കുദേശം പാര്ട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡുവാണ് സഖ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില് സഖ്യം എല്ലാ സീറ്റും തൂത്തുവാരുമെന്നും ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയും ജനസേനയും തെലുങ്കുദേശവും തിരഞ്ഞെടുപ്പില് സഖ്യമുണ്ടാക്കാന് ധാരണയിലെത്തി എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. ടിഡിപിയും ബിജെപിയും സംയുക്തമായി നടത്തുന്ന വാര്ത്താസമ്മേളനത്തില് സഖ്യത്തെക്കുറിച്ച് സംയുക്തപ്രസ്താവന നടത്തുമെന്ന് എന്ഡിടിവി റിപ്പോര്ട്ട് ചെയ്തു. മാര്ച്ച് 17നായിരിക്കും വാര്ത്താസമ്മേളനമെന്നാണ് റിപ്പോര്ട്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ആന്ധ്രയില് ആകെയുള്ള 25 സീറ്റില് 22ലും വിജയിച്ചത് ഭരണകക്ഷിയായ വൈഎസ്ആര് കോണ്ഗ്രസായിരുന്നു. തെലുങ്കുദേശം മൂന്ന് സീറ്റിലും വിജയിച്ചു. 2019ല് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില് വൈഎസ്ആര് കോണ്ഗ്രസ് 151 സീറ്റുകള് നേടിയിരുന്നു. തെലുങ്കുദേശം 23 സീറ്റില് വിജയിച്ചപ്പോള് ജനസേന പാര്ട്ടി ഒരു സീറ്റില് വിജയിച്ചു. ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില് അക്കൗണ്ട് തുറക്കാന് സാധിച്ചിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us