ബെംഗളുരു: ഭരണഘടന തിരുത്തി എഴുതാന് ബിജെപിയെ മൂന്നില് രണ്ട് ഭൂരിപക്ഷത്തില് വിജയിപ്പിക്കണമെന്ന അഭ്യര്ത്ഥനയുമായി ബിജെപി എംപി അനന്ദ്കുമാർ ഹെഗ്ഡെ. ബിജെപിക്ക് 400ൽ അധികം സീറ്റ് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി എംപിയുടെ വിവാദ പരാമര്ശം. ഭരണഘടനയുടെ ആമുഖത്തില് നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുകളയുമെന്ന് ആറുവര്ഷം മുമ്പ് ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു.
ഭരണഘടന തിരുത്തിയെഴുതാന് പാര്ലമെന്റിലെ ഇരു സഭകളിലും മൂന്നില് രണ്ട് ഭൂരിപക്ഷം വേണം. കോൺഗ്രസ് ഭരണഘടനയില് വരുത്തിയ വളച്ചൊടിക്കലുകളും അനാവശ്യമായ കൂട്ടിച്ചേർക്കലുകളും ശരിയാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു. ആറ് തവണ കര്ണാടകയില് നിന്ന് പാര്ലമെന്റിലെത്തിയ ഹെഗ്ഡെ സംസ്ഥാനത്തെ ഒരു പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വിവാദ പരാമര്ശം നടത്തിയത്. ഭരണഘടന തിരുത്താന് പാര്ട്ടി 20 ലേറെ സംസ്ഥാനങ്ങളില് അധികാരത്തിലെത്തേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.
കോണ്ഗ്രസ് ഭരണഘടനയില് അനാവശ്യമായ കൂട്ടിച്ചേര്ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദു സമൂഹത്തെ അടിച്ചമര്ത്തുക ലക്ഷ്യമിട്ടുള്ള നിയമങ്ങള് കൊണ്ടുവന്നു. ഇതെല്ലാം മാറ്റുന്നത് നിലവിലെ ഭൂരിപക്ഷത്തില് സാധ്യമല്ല - ഹെഗ്ഡെ പറഞ്ഞു. ലോക്സഭയില് കോണ്ഗ്രസ് ഇല്ലാതിരിക്കുകയോ മോദിക്ക് ലോക്സഭയില് മൂന്നില് രണ്ട് ഭൂരിപക്ഷം ലഭിക്കുകയോ ചെയ്തതുകൊണ്ട് മാത്രം ഇത് സാധ്യമാകുമെന്ന് കരുതിയെങ്കില് തെറ്റി. ആകെ സംസ്ഥാനങ്ങളില് മൂന്നില് രണ്ടിലും ബിജെപിക്ക് അധികാരം ലഭിക്കണം എന്നും ഹെഗ്ഡെ കൂട്ടിച്ചേര്ത്തു.
ഭരണഘടനയെ തിരുത്തി എഴുതുക, നശിപ്പിക്കുക എന്നതാണ് ബിജെപിയുടെയും ആര്എസ്എസ്സിന്റെയും രഹസ്യ അജണ്ടയെന്ന് തിരിച്ചടിച്ച് കോണ്ഗ്രസ് രംഗത്തെത്തി. സംഘപരിവാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രഹസ്യ താത്പര്യം വെളിവാക്കുന്നതാണ് ബിജെപി എംപിയുടെ പൊതു പ്രഖ്യാപനമെന്ന് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി പറഞ്ഞു.
മോദി- ആര്എസ്എസ് സംഘത്തിന്റെ അജണ്ട പുറത്തുവന്നുവെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെയും പ്രതികരിച്ചു. രാജ്യത്ത് ഏകാദിപത്യം നടപ്പിലാക്കുക എന്ന അജണ്ടയാണ് മോദി സര്ക്കാരിന്റെയും ബിജെപിയുടെയും ആര്എസ്എസ്സിന്റെയുമെന്നും അദ്ദേഹം എക്സില് പോസ്റ്റ് ചെയ്തു.
വ്യാജതൊഴിൽ കാർഡുകൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി ഫണ്ട് തൃണമൂൽ കോൺഗ്രസ് ധൂർത്തടിച്ചു; നരേന്ദ്രമോദി