യൂസഫ് പഠാനെന്ന 'ഗൂഗ്ലി'; അധിർ രഞ്ജൻ ചൗധരിയെ ക്ലീൻ ബൗള്ഡാക്കാനുറച്ച് മമത

മമതയെ വിമർശിച്ച അധിർ രഞ്ജനെ ഏതുനിലയിലും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൃണമൂലിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം എന്ന് വ്യക്തം

dot image

ലോക്സഭയിലെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവും ബംഗാൾ പിസിസി അദ്ധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്താൻ ഉറച്ച് മമത ബാനർജി. അധിർ രഞ്ജൻ ചൗധരി മത്സരിക്കുന്ന ബെഹ്റാംപൂരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ യൂസഫ് പഠാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യനീക്കങ്ങളുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ അധിർ രഞ്ജൻ ചൗധരി ഉയർത്തിയിരുന്നു. മമതയെ വിമർശിച്ച അധിർ രഞ്ജനെ ഏതുനിലയിലും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൃണമൂലിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം എന്ന് വ്യക്തം.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന വിമർശനം അധിർ രഞ്ജൻ ചൗധരി ഉയർത്തിയിരുന്നു. 'ബിജെപിയെ ഭയന്ന് മമത ബാനർജി അനുദിനം നിലപാട് മാറ്റുന്നു. മമത ബാനർജിയുടെ പ്രസ്താവനകളും മാറുന്ന നിലപാടുകളും ബിജെപിയോടുള്ള അവരുടെ ഭയത്തെയാണ് സൂചിപ്പിക്കുന്നത്. മുസ്ലീം വോട്ടുകൾ നേടുന്നതിനായി കോൺഗ്രസ് വ്യത്യസ്ത കാര്യങ്ങൾ സംസാരിക്കുന്നുവെന്ന് മമത ബാനർജി ആരോപിക്കുന്നു. കോൺഗ്രസിന് ഒന്നും സാധ്യമല്ലെന്നും ദീദി (മമത) പറയുന്നു. അവരുടെ മനസ്സിലുള്ളത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. പക്ഷേ ഇൻഡ്യ ബ്ലോക്കിലുള്ള ഒരു നേതാവ് ഇത്തരത്തിൽ പറയുന്നത് ദൗർഭാഗ്യകരമാണ്' എന്നായിരുന്നു അധിർ രഞ്ജൻ ചൗധരി ഏറ്റവും അടുത്ത് നടത്തിയ രൂക്ഷമായ മമത വിമർശനം.

തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസ് സീറ്റുകൾ യാചിക്കില്ലെന്നും അധിർ രഞ്ജൻ ചൗധരി നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സേവിക്കുകയാണ് ഇൻഡ്യ മുന്നണിയുടെ പങ്കാളിയെന്നും അധിർ രഞ്ജൻ ചൗധരി ആരോപിച്ചിരുന്നു. പരോക്ഷമായി മമതയെ ലക്ഷ്യമിട്ട് തന്നെയായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ ഈ വിമർശനം. 'ഇൻഡ്യ സഖ്യത്തോടൊപ്പം തുടരണമെന്ന് ടിഎംസിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. സഖ്യത്തിന് മുൻഗണന നൽകിയാൽ മോദി സർക്കാർ തങ്ങൾക്കെതിരെ ഇഡി, സിബിഐ മുതലായ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമെന്ന് മറ്റൊരു വിഭാഗം ഭയപ്പെടുന്ന'തായും അദ്ദേഹം പറഞ്ഞിരുന്നു. റേഷൻ കുംഭകോണം അടക്കം കേന്ദ്ര അന്വേഷണ ഏജൻസികൾ മമത സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഘട്ടത്തിലാണ് അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന എന്നതായിരുന്നു ശ്രദ്ധേയം.

ബംഗാളിൽ ഇ ഡി സംഘത്തിനെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന ആരോപണവുമായി അധിർ രഞ്ജൻ ചൗധരി രംഗത്തുവന്നിരുന്നു. 'ഇന്ന് ബംഗാളിൽ ഇഡി സംഘം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാളെ കൊലപാതകം നടന്നേക്കുമെന്നു'മായിരുന്നു അധിർ രഞ്ജൻ്റെ വിമർശനം. ഭരണകക്ഷിയായ ടിഎംസിയുടെ ഗുണ്ടകളാണ് ഇഡിക്കെതിരെ ആക്രമണം നടത്തിയതെന്ന് ആരോപിച്ച അധിർ രഞ്ജൻ ക്രമസമാധാന നില തകർന്ന ബംഗാളിലേയ്ക്ക് കൂടുതൽ സൈനികരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ജനുവരി തുടക്കത്തിലായിരുന്നു അധിർ രഞ്ജൻ ചൗധരി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. ലോക്സസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാമെന്ന മമതയുടെ വാഗ്ദാനത്തിനെതിരെ രൂക്ഷപ്രതികരണം നടത്തിയതിന് പിന്നാലെയായിരുന്നു ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന ആരോപണവുമായി അധിർ രഞ്ജൻ രംഗത്തെത്തിയത്.

എന്നാൽ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവും അധിർ രഞ്ജൻ ഉയർത്തിയിരുന്നു. തൃണമൂൽ നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കാൻ മടിച്ച ഘട്ടത്തിലായിരുന്നു അധിർ രഞ്ജൻ്റെ പ്രതികരണം. 'മഹുവ നൽകിയ തെളിവുകൾ എത്തിക്സ് കമ്മറ്റി മുഖവിലയ്ക്കെടുത്തില്ല. എത്തിക്സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ല. എത്തിക്സ് കമ്മറ്റി ചെയർമാനും അംഗങ്ങളും നടപടിക്രമങ്ങൾ പാലിച്ചില്ല. പക്ഷപാതപരമായി പെരുമാറി' എന്ന നിലപാടായിരുന്നു അധിർ രഞ്ജൻ ചൗധരി സ്വീകരിച്ചത്.

മമതയെ പ്രകോപിക്കുന്ന നിലയിൽ അധിർ രഞ്ജൻ ചൗധരി സ്വീകരിച്ച പരസ്യ നിലപാടുകളാണ് സംസ്ഥാനത്ത് കോൺഗ്രസ്-തൃണമൂൽ തിരഞ്ഞെടുപ്പ് ധാരണയ്ക്ക് തടസ്സമാകുന്നതെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. എന്തായാലും കോൺഗ്രസ് അധ്യക്ഷനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ തൃണമൂൽ തീരുമാനിച്ചത് മമത കൊടുത്ത എട്ടിൻ്റെ പണിയാണെന്നതിൽ തർക്കമില്ല.

ആർഎസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ബെഹ്റാംപൂരിൽ നിന്നും 1999 മുതൽ അധിർ രഞ്ജൻ ചൗധരി തുടർച്ചയായി വിജയിച്ച് വരികയാണ്. 2019ൽ തൃണമൂൽ കോൺഗ്രസ് തന്നെയായിരുന്നു അധിർ രഞ്ജൻ്റെ പ്രധാന എതിരാളികൾ. തൃണമൂൽ കോൺഗ്രസിൻ്റെ അപൂർബ സർക്കാരിനെ 80,696 വോട്ടുകൾക്കായിരുന്നു അധിർ രഞ്ജൻ പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തിൽ അധികം വോട്ടുകൾ 2019ൽ ബിജെപി ഇവിടെ നേടിയിരുന്നു. 1998ൽ രണ്ട് ലക്ഷത്തിലേറെ വോട്ടുനേടി ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് ബെഹ്റാംപൂർ. 2014ൽ 356,567 വോട്ടിനായിരുന്നു അധിർ രഞ്ജൻ ഇവിടെ തൃണമൂൽ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. 1951 മുതൽ 1998 വരെയുള്ള 12 തിരഞ്ഞെടുപ്പുകളിൽ 1984ൽ മാത്രമാണ് ബെഹ്റാംപൂരിൽ ആർഎസ്പി പരാജയപ്പെട്ടത്. എന്നാൽ 1999ൽ ആർഎസ്പിയിൽ നിന്നും ബെഹ്റാംപൂർ പിടിച്ച അധിർ രഞ്ജൻ പിന്നീട് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു.

ആറാം അങ്കത്തിന് ഇറങ്ങുന്ന അധിർ രഞ്ജന് ഇതുവരെ നേരിടേണ്ടി വന്നതിൽ ഏറ്റവും ശക്തനായ എതിരാളിയെയാണ് ഇത്തവണ നേരിടേണ്ടി വരിക. 2019ൽ ബംഗാളിൽ കോൺഗ്രസ് വിജയിച്ചത് രണ്ട് മണ്ഡലങ്ങളിൽ മാത്രമായിരുന്നു. ബെഹ്റാംപൂരിന് പുറമെ ദക്ഷിണ മാൾഡയായിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അബു ഹസീം ഖാൻ ചൗധരിക്ക് സിപിഐഎം പിന്തുണ നൽകിയിരുന്നു. 8,222 വോട്ടിനായിരുന്നു അബു ഹസീം ഖാൻ ചൗധരിയുടെ വിജയം. ഇവിടെ ബിജെപി രണ്ടാമതും തൃണമൂൽ കോൺഗ്രസ് മൂന്നാമതുമായിരുന്നു. 2019ൽ മത്സരിച്ച മുഹമ്മദ് മൗസം ഹുസൈന് പകരം ഷാനവാസ് അലി റഹ്മാനെയാണ് ഇത്തവണ തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us