ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ പങ്കെടുക്കാതിരുന്ന ബിജെപി മുതിർന്ന നേതാവ് അനിൽ വിജ്നെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. ഖട്ടാർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന മുതിർന്ന നേതാവിനെ നയാബ് സൈനി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് വലിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ അനിൽ വിജ് അസ്വസ്ഥനാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രംഗത്തെത്തിയിരിക്കുന്നത്.
'അനിൽ വിജ് നമ്മുടെ മുതിർന്ന നേതാവാണ്, അവൻ പെട്ടെന്ന് അസ്വസ്ഥനാകുകയും എന്നാൽ പെട്ടെന്ന് ശരിയാവുകയും ചെയ്യും, അത് വിജ്ൻ്റെ സ്വഭാവമാണ്. നേരത്തേയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവൻ അസ്വസ്ഥനാണ്, പക്ഷേ ഞങ്ങൾ അവനോട് സംസാരിക്കുന്നുണ്ട്...നമ്മുടെ പുതിയ മുഖ്യമന്ത്രിയും സംസാരിക്കും. ', മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
#WATCH | Chandigarh: Former Haryana CM Manohar Lal Khattar says, "Anil Vij is our senior leader...It is in his nature that he gets upset quickly but becomes okay soon. There have been such instances before. He is upset but we are talking to him...Our new chief minister will also… pic.twitter.com/aqh7jllfau
— ANI (@ANI) March 12, 2024
രാജ്ഭവനിൽവെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മുതിർന്ന നേതാവ് പങ്കെടുക്കാതിരുന്നത്. ആറ് തവണ എംഎൽഎയായ വിജ് ബിജെപി നിയമസഭാ കക്ഷി യോഗം പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ സ്ഥാനം ഒഴിഞ്ഞ ഖട്ടാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഹരിയാന മുഖ്യമന്ത്രിയായി നയാബ് സൈനി ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി നേതാക്കളായ കൻവാർ പാൽ ഗുജ്ജർ, മുൽചന്ദ് ശർമ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര എംഎൽഎ രഞ്ജിത്ത് സിംഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില് നിന്നുള്ള എംപിയുമാണ് നായബ് സിങ് സൈനി.
മനോഹര് ലാല് ഖട്ടര് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്ന്നാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ബിജെപിയും സഖ്യകക്ഷിയായ ജെജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന മന്ത്രിസഭ രാജിവെയ്ക്കുകയായിരുന്നു.