ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്ലോഡ് ചെയ്തു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതലുള്ള ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നീ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകൾ കമ്പനികളും വ്യക്തികളും വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ ബോണ്ട് വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ടിട്ടില്ല. 2019 ഏപ്രില് ഒന്ന് മുതല് 11 വരെയുള്ള 3346 ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിലില്ല. ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ പത്ത് കമ്പനികൾ ഏതെന്ന് നോക്കാം.
വിവാദ വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചര് ഗെയ്മിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പിആർ ആണ് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാൻ ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്. 1368 കോടിയുടെ ബോണ്ടുകളാണ് സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി വാങ്ങിയിരിക്കുന്നത്. ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണിത്.മേഘാ എന്ജിനീയറിംഗ് ആന്ഡ് ഇന്ഫ്രാസ്ട്രെക്ച്ചേഴ്സ് ലിമിറ്റഡാണ് ബോണ്ടുകള് സ്വന്തമാക്കിയതില് രണ്ടാമത്. 966 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര് വാങ്ങിയത്. ക്വിക് സപ്ലൈ ചെയിന് പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര് വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്ദിയ എനര്ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല് മൈനിങ്ങ് ആന്ഡ് ഇന്ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്റ്റേണ് യുപി പവര് ട്രാന്സ്മിഷന് ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്ക്ക് ഇന്ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്ലാല് ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല് മൂല്യത്തിന് ബോണ്ടുകള് വാങ്ങിയ കമ്പനികള്.
നിരവധി ഖനന ഹൈവേ കമ്പനികൾ അടക്കം രാജ്യത്തെ വൻകിട കമ്പനികൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വേദാന്ത, ഡിഎൽഎഫ്, അംബുജ സിമൻ്റ്സ്, നവയുഗ, ഐടിസി, സൺഫാർമ, എയർടെൽ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ പട്ടികയിലുണ്ട്. കേരളത്തിൽ നിന്നുള്ള ബിസിനസ് ഭീമന്മാരായ മുത്തൂറ്റ് ഫിനാൻസും പട്ടികയിലുണ്ട്. അംബാനി, അദാനി, ടാറ്റ ഗ്രൂപ്പുകൾ ഇലക്ട്രൽ ബോണ്ട് വാങ്ങിയവരുടെ പട്ടികയിൽ ഇല്ല.