ഇലക്ടറല് ബോണ്ട് കേസ് ഇന്ന് സുപ്രീംകോടതിയില്; എസ്ബിഐക്കും നിര്ണായകം

വിധി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്

dot image

ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിധി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. രണ്ട് പട്ടികകളിലെയും ബോണ്ട് നമ്പറുകള് പരസ്യപ്പെടുത്താത്തത് സംബന്ധിച്ച് സുപ്രീംകോടതി ചോദ്യങ്ങള് ഉന്നയിച്ചാല് അത് എസ്ബിഐയ്ക്ക് നിര്ണായകമാകും.

വിധി പരിഷ്കരിക്കണമെന്ന ആവശ്യത്തിനൊപ്പം ബോണ്ട് വിവരങ്ങള് പരസ്യപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയെ അറിയിക്കും. എസ്ബിഐ കൈമാറിയ ഇലക്ടറല് ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദാംശങ്ങള് അപ്ലോഡ് ചെയ്തത്. 2019 ഏപ്രില് 12 മുതലുള്ള ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നീ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകള് കമ്പനികളും വ്യക്തികളും വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചത്.

എല്ലാ ബോണ്ട് വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ടിട്ടില്ല. 2019 ഏപ്രില് ഒന്ന് മുതല് 11 വരെയുള്ള 3346 ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച പട്ടികയിലില്ല. വിവാദ വ്യവസായി സാന്റിയാഗോ മാര്ട്ടിന്റെ ഫ്യൂച്ചര് ഗെയ്മിംഗ് ആന്ഡ് ഹോട്ടല് സര്വ്വീസസ് പിആര് ആണ് ഇലക്ട്രല് ബോണ്ടുകള് വാങ്ങാന് ഏറ്റവും കൂടുതല് പണം ചെലവാക്കിയത്. 1368 കോടിയുടെ ബോണ്ടുകളാണ് സാന്റിയാഗോ മാര്ട്ടിന്റെ കമ്പനി വാങ്ങിയിരിക്കുന്നത്. ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണിത്. മേഘാ എന്ജിനീയറിംഗ് ആന്ഡ് ഇന്ഫ്രാസ്ട്രെക്ച്ചേഴ്സ് ലിമിറ്റഡാണ് ബോണ്ടുകള് സ്വന്തമാക്കിയതില് രണ്ടാമത്. 966 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര് വാങ്ങിയത്.

ക്വിക് സപ്ലൈ ചെയിന് പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര് വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്ദിയ എനര്ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല് മൈനിങ്ങ് ആന്ഡ് ഇന്ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്റ്റേണ് യുപി പവര് ട്രാന്സ്മിഷന് ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്ക്ക് ഇന്ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്ലാല് ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല് മൂല്യത്തിന് ബോണ്ടുകള് വാങ്ങിയ കമ്പനികള്.

നിരവധി ഖനന ഹൈവേ കമ്പനികള് അടക്കം രാജ്യത്തെ വന്കിട കമ്പനികള് പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്. വേദാന്ത, ഡിഎല്എഫ്, അംബുജ സിമന്റ്സ്, നവയുഗ, ഐടിസി, സണ്ഫാര്മ, എയര്ടെല്, ഇന്ഡിഗോ തുടങ്ങിയ കമ്പനികള് പട്ടികയിലുണ്ട്. കേരളത്തില് നിന്നുള്ള ബിസിനസ് ഭീമന്മാരായ മുത്തൂറ്റ് ഫിനാന്സും പട്ടികയിലുണ്ട്. അംബാനി, അദാനി, ടാറ്റ ഗ്രൂപ്പുകള് ഇലക്ട്രല് ബോണ്ട് വാങ്ങിയവരുടെ പട്ടികയില് ഇല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us