ഹൈദരാബാദ്: ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്ഭത്തില് ബിഎസ്പി വിട്ട് തെലങ്കാന സംസ്ഥാന അദ്ധ്യക്ഷന് ആര്എസ് പ്രവീണ് കുമാര്. ബിആര്എസുമായി സഖ്യത്തിലെത്തി രണ്ട് സീറ്റുകള് ബിഎസ്പിക്ക് അനുവദിച്ചതിന് പിറ്റേ ദിവസമാണ് പ്രവീണ് കുമാറിന്റെ രാജി. തന്റെ രാജിക്ക് ബിജെപിയെയാണ് പ്രവീണ് കുമാര് കുറ്റപ്പെടുത്തുന്നത്.
ബിആര്എസ്-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിനെ തുടര്ന്ന് ഈ ചരിത്രപരമായ സഖ്യത്തെ തകര്ക്കുവാന് ബിജെപി എല്ലാ തരത്തിലുള്ള പ്രയത്നവും നടത്തിയെന്ന് പ്രവീണ് കുമാര് പറഞ്ഞു. ബിജെപിയുടെ ഗൂഢാലോചനകളെ ഭയന്ന് തനിക്ക് തന്റെ മൂല്യങ്ങളെ തള്ളിക്കളയാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബിആര്എസുമായുള്ള സഖ്യത്തില് നിന്ന് പിന്വലിയാന് ബിഎസ്പി ദേശീയ അദ്ധ്യക്ഷ മായാവതിക്ക് നല്ല സമ്മര്ദ്ദമുണ്ടായിരുന്നുവെന്നാണ് ബിഎസ്പി വൃത്തങ്ങളില് നിന്നുള്ള വിവരം. ബിജെപിയില് നിന്ന് സമ്മര്ദ്ദമുണ്ടായിരുന്നുവെന്നാണ് വിവരം. പക്ഷെ പ്രവീണ് കുമാര് സഖ്യം അവസാനിപ്പിക്കാന് തയ്യാറായിരുന്നില്ല. ഇതേ തുടര്ന്നാണ് രാജിയെന്നാണ് കരുതുന്നത്.
തന്റെ നേതൃത്വത്തില് തെലങ്കാനയില് അടുത്തിടെ എടുത്ത തീരുമാനങ്ങള് മൂലം പാര്ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന് തനിക്ക് പ്രയാസമുണ്ടെന്നാണ് പ്രവീണ്കുമാര് എക്സില് കുറിച്ചത്. അതേ സമയം ചില അടിസ്ഥാന തത്വങ്ങളിലും വ്യക്തിപരമായ സ്വഭാവത്തിലും വിട്ടുവീഴ്ച ചെയ്യാന് താന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ആരെയും കുറ്റപ്പെടുത്താനോ തന്നില് വിശ്വസിച്ചവരെ ചതിക്കാനോ താത്പര്യമില്ലെന്നും മായാവതിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുന് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രവീണ്കുമാര് സര്വീസില് നിന്നും രാജിവെച്ച് ബിഎസ്പിയില് ചേരുകയായിരുന്നു. മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന പ്രവീണ്കുമാര് ബിഎസ്പിയിലെത്തിയതോടെ നിരവധി പേര് പാര്ട്ടിയിലേക്ക് ആകര്ഷിക്കപ്പെട്ടിരുന്നു.