ന്യൂഡല്ഹി: ഫ്യൂച്ചര് ഗെയിമിംഗ്സ് ആന്റ് ഹോട്ടല് സര്വ്വീസസ് പ്രവൈറ്റ് ലിമിറ്റഡില് ക്രമക്കേടുകള് നടക്കുന്നുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഉടമ സാന്റിയാഗോ മാര്ട്ടിന് കൂടുതല് ഇലക്ടറല് ബോണ്ടുകള് വാങ്ങിയതിന്റെ വിവരങ്ങള് പുറത്ത്. എസ്ബിഐ നല്കിയ വിവരാവകശ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2019 നും 2014 നും ഇടയില് ഫ്യൂച്ചര് ഗെയിമിംഗ്സ് ആന്റ് ഹോട്ടല്സ് 1,300 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. ലോട്ടറി നടത്തുന്ന എട്ട് സംസ്ഥാനങ്ങളില് മാര്ട്ടിന്റെ കമ്പനികളില് തട്ടിപ്പും ക്രമക്കേടും നടക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇതുസംബന്ധിച്ച് പശ്ചിമ ബംഗാള്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്ക്ക് 2019 സെപ്തംബര് 23 നാണ് കേന്ദ്രം കത്തയച്ചത്. ഒക്ടോബറിലാണ് തുടര്ച്ചയായി സാന്റിയാഗോ മാര്ട്ടിന് ഇലക്ടറല് ബോണ്ട് വാങ്ങുന്നത്. ഒക്ടോബറില് മാത്രം 190 കോടിയുടെ ബോണ്ടാണ് ലോട്ടറി വ്യവസായ പ്രമുഖന് വാങ്ങിയത്.
ഗുരുതര ആരോപണങ്ങളാണ് സാന്റിയാഗോ മാര്ട്ടിനെതിരെ ആഭ്യന്തര മന്ത്രാലയം ഉയര്ത്തിയത്. 'കൊല്ക്കത്തയില് താമസിച്ചുകൊണ്ടിരിക്കെ അയല് സംസ്ഥാനങ്ങളിലെല്ലാം ഓഫീസുണ്ടായിരുന്ന മാര്ട്ടിന് കച്ചവടം നിരോധിച്ചിരുന്ന പശ്ചിമ ബംഗാളില് പോലും ലോട്ടറികള് വിറ്റിരുന്നു. ഈ സംസ്ഥാനങ്ങള്ക്ക് ജിഎസ്ടി നല്കിയിരുന്നില്ല. സംസ്ഥാന സര്ക്കാരിനെ വെട്ടിച്ച് കണക്കില്ലാത്ത എണ്ണം ലോട്ടറികള് പ്രിന്റിംഗ് പ്രസുകളില് നിന്ന് നിര്മ്മിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന നിരവധി തട്ടിപ്പുകേസുകളില് പ്രതിയായ സാന്റിയാഗോ വ്യാജടിക്കറ്റിലൂടെ 1,000 കോടിയിലധികം രൂപ സമ്പാദിച്ചെന്നാണ് കണക്ക്. കേരളത്തില് അദ്ദേഹം നടത്തിയ വിവിധ ക്രമക്കേടുകള് സംസ്ഥാനം എംഎച്ച്എയുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നു. തുടര്ന്നാണ് എംഎച്ച്എ കേരളത്തില് മാര്ട്ടിന്റെ സിക്കിം ലോട്ടറി നിരോധിച്ചത്' തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തില് സൂചിപ്പിച്ചത്. അടിയന്തര പ്രധാന്യത്തോടെ സംസ്ഥാനങ്ങള് മാര്ട്ടിന്റെ ലോട്ടറി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള് കൈമാറണമെന്നും മന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
2019 ല് കള്ളപ്പണം വെളുപ്പിക്കല് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സാന്റിയാഗോ മാര്ട്ടിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അതേ വര്ഷം ജൂലൈയില് കമ്പനിയുടെ 250 കോടിയുടെ ആസ്തിയും 2022 ഏപ്രില് 2 ന് 409.92 കോടിയുടെ ജംഗമ വസ്തുക്കളും ഇ ഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ ഏപ്രില് 7 നാണ് സാന്റിയാഗോ മാര്ട്ടിന് 100 കോടിയുടെ ഇലക്ടറല് ബോണ്ട് വാങ്ങുന്നത്.