ഹൈദരാബാദ്: ഹിന്ദുക്കളും മുസ്ലിങ്ങളും തൻ്റെ രണ്ട് കണ്ണുകൾ പോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. ഹൈദരാബാദിലെ ലാല് ബഹദൂര് ശാസ്ത്രി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ദവത്ത്-ഇ-ഇഫ്താർ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. തെലങ്കാനയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് 4% സംവരണം കോൺഗ്രസ് സർക്കാർ ഉറപ്പാക്കുമെന്ന് മുസ്ലീം സമുദായത്തിന് ഉറപ്പ് നൽകാൻ സാധിച്ചു വെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.
എല്ലാ സമുദായങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. തെലങ്കാനയും ഹൈദരാബാദും വികസിപ്പിക്കാനുള്ള പദയാത്രയിൽ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മറ്റു സമുദായങ്ങളെയും ഒപ്പം കൂട്ടുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാനയിൽ ഇപ്പോൾ കോൺഗ്രസ് സർക്കാരാണ് ഉള്ളതെന്ന് അമിത് ഷായെ താൻ ഓർമ്മിപ്പിക്കുന്നു. അവിഭക്ത ആന്ധ്ര സംസ്ഥാനത്ത് കോണ്ഗ്രസ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢി ആരംഭിച്ച 4% മുസ്ലീം ക്വാട്ട ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കോ അമിത് ഷായ്ക്കോ സാധിക്കില്ലയെന്നും അദ്ധേഹം പറഞ്ഞു.