ഡല്ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല് ബോണ്ട് വിവരങ്ങള് പുറത്തുവിട്ടതിന് പിന്നാലെ ലോട്ടറി വ്യവസായ പ്രമുഖന് സാന്റിയാഗോ മാര്ട്ടില് വാര്ത്തകളില് നിറഞ്ഞുനില്ക്കുകയാണ്. 1300 കോടിയുടെ ഇലക്ടറല് ബോണ്ടുകളാണ് സാന്റിയാഗോ മാര്ട്ടിന്റെ വിവിധ കമ്പനികള് വാങ്ങിയത്. ലോട്ടറി വ്യാപാരത്തിലൂടെ ഭാഗ്യം പരീക്ഷിച്ച സാന്റിയാഗോയ്ക്ക് ലോട്ടറി കിംഗ് എന്ന പ്രശസ്തിയിലേക്ക് വളരാന് അധിക ദൂരമുണ്ടായിരുന്നില്ല. പിന്നീട് റിയല് എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സോഫ്റ്റ് വെയര്, സാറ്റ്ലൈറ്റ് ടെലിവിഷന് ചാനല് അടക്കം തനിക്ക് കൈത്തുന്നിടത്തേക്കെല്ലാം സാന്റിയാഗോ ഇടപെട്ടിരുന്നു, രാഷ്ട്രീയത്തില് ഉള്പ്പെടെ.
കിറ്റെക്സ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല് ബോണ്ട്; തെലങ്കാനയില് ഭീമന് പ്രൊജക്ടിന് തൊട്ടുമുമ്പ്തന്റെ കമ്പനി പ്രവര്ത്തിച്ചിരുന്ന സംസ്ഥാനങ്ങളിലെ പ്രധാന, പ്രാദേശിക രാഷ്ട്രീയ പാര്ട്ടികളുമായി പ്രത്യേക ബന്ധമുണ്ടാക്കാന് സാന്റിയാഗോ എല്ലാകാലത്തും ശ്രദ്ധിച്ചിരുന്നു. തമിഴ്നാട്ടില് ഡിഎംകെയായിരുന്നെങ്കില് കേരളത്തില് അത് എല്ഡിഎഫ് ആയിരുന്നു. കര്ണ്ണാടകയും തമിഴ്നാടും ലോട്ടറി നിരോധിച്ചതിന് പിന്നാലെയാണ് സാന്റിയാഗോ തന്റെ ലോട്ടറി വ്യാപാരം കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. 2005 മുതല് സിക്കിം സര്ക്കാരിന്റെ ലോട്ടറി എന്ന പേരില് കേരളത്തില് മാര്ട്ടിന് ലോട്ടറികള് വിറ്റഴിച്ചു. തുടര്ന്ന് 2022 ല് സിബിഐ കേസെടുത്തു. ഈ കേസില് മാര്ട്ടിന് വേണ്ടി വാദിച്ച അഭിഭാഷകന് കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയായിരുന്നു. കേരളത്തിലെ യുഡിഎഫിനെ ഇത് വലിയ സമ്മര്ദ്ദത്തിലാക്കിയതോടെ സിങ്വി കേസില് നിന്ന് പിന്മാറി.
അതിനിടെ സിപിഐഎം മുഖപത്രമായിരുന്ന ദേശാഭിമാനിക്ക് സാന്റിയാഗോ രണ്ട് കോടി രൂപ നല്കിയത് വലിയ വിവാദമായിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു ഇപ്പോഴത്തെ എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് ദേശാഭിമാനി ജനറല് മാനേജന് സ്ഥാനം നഷ്ടമായത്.
ഡിഎംകെയുമായി ബന്ധം പുലര്ത്തിയിരുന്ന മാര്ട്ടിന് കരുണാനിധി തിരക്കഥയെഴുതിയ സിനിമയുടെ പ്രൊഡ്യൂസര് ആയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ജയലളിത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട സാന്റിയാഗോ മാര്ട്ടിനെതിരെ കേസെടുക്കുകയും ഗുണ്ടാ ആക്ട് പ്രകാരം ജയിലില് അടക്കുകയും ചെയ്തു.
2014 ല് എന്ഡിഎ അധികാരത്തിലെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില് തമിഴ്നാട്ടില് സാന്റിയാഗോയുടെ ഭാര്യ ലീമ റോസ് നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. എഡ്യൂക്കേഷനലിസ്റ്റ് പരിവേന്തറിന്റെ ഐജെകെ പാര്ട്ടിയിലാണ് ലീമ റോസ്. എന്ഡിഎ സഖ്യകക്ഷിയാണ് ഐജെകെ. 2015 ലാണ് മാര്ട്ടിന്റെ മൂത്ത മകന് ചാള്സ് ബിജെപില് ചേര്ന്നത്. ഡിഎംകെയുമായി അടുത്ത് പ്രവര്ത്തച്ചിരുന്ന മരുമകന് ആദവ് അര്ജ്ജുന് അടുത്താണ് വിസികെ പാര്ട്ടിയില് ചേര്ന്നത്. അര്ജുനെതിരെ ഈയടുത്ത് ഇ ഡി അന്വേഷണം നടത്തിയിരുന്നു.