ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോണ്ടിന്റെ സീരിയൽ നമ്പർ പുതിയതായി പുറത്തുവിട്ട വിവരങ്ങളിലും ഇല്ല

dot image

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുദ്രവച്ച കവറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബോണ്ടിന്റെ തിയ്യതി , എണ്ണം, ഏത് ബാങ്കിൽ നിന്നാണ് വാങ്ങിയത്, പണം ലഭിച്ച ദിവസം എന്നീ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബോണ്ടിന്റെ സീരിയൽ നമ്പർ പുതിയതായി പുറത്തുവിട്ട വിവരങ്ങളിലും ഇല്ല. ബോണ്ടിനെ കുറിച്ച് കോടതിയിൽ സമർപ്പിച്ച ഡിജിറ്റൽ രേഖകൾ സുപ്രീം കോടതി രജിസ്ട്രി തിരികെ നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഏപ്രില് 19 മുതല് ജൂണ് 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ടിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച ഇലക്ടറല് ബോണ്ട് ഡാറ്റകൾ സുപ്രീം കോടതി രജിസ്ട്രി ശനിയാഴ്ച തിരികെ നല്കിയിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല് ബോണ്ട് വിവരങ്ങള് തിരികെ നല്കിയത്. 2019ലെയും 2023ലെയും രേഖകള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കാന് കഴിയുന്ന തരത്തില് മടക്കി നല്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്. മുദ്രവച്ച കവറില് സമര്പ്പിച്ച രേഖകളുടെ പകര്പ്പ് ഇല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്ജി വെള്ളിയാഴ്ച പരിഗണിച്ച സുപ്രീം കോടതി, ഡിജിറ്റലൈസ് ചെയ്തതിന് ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചിനകം പേപ്പറുകള് തിരികെ നല്കണമെന്ന് രജിസ്ട്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരങ്ങള് ഞായറാഴ്ച വൈകീട്ട് അഞ്ചിനകം വെബ്സൈറ്റില് പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇലക്ടറല് ബോണ്ടുകളുടെ സാധുത സംബന്ധിച്ച ഹര്ജികള് പരിഗണിക്കവേ 2023 സെപ്തംബര് വരെ രാഷ്ട്രീയ പാര്ട്ടികള്ക്ക് ഈ രീതിയിലൂടെ ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2019ലെ വിവരങ്ങളും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും രണ്ട് ലിസ്റ്റുകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഇലക്ടറൽ ബോണ്ട് നമ്പറുകൾ സമർപ്പിക്കാത്തതിന് എസ്ബിഐയെ വെള്ളിയാഴ്ച നടന്ന വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു.

ഇതിനിടെ ഇലക്ടറല് ബോണ്ട് കേസിൽ ബോണ്ട് നടപ്പിലാക്കിയത് മുതലുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺസ് റൈറ്റ്സ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് നിർദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 2019 ഏപ്രിൽ 12 മുതലുള്ള വിവരങ്ങൾ ആണ് ഇതുവരെ എസ്ബിഐ വെളിപ്പെടുത്തിയത്. 2018 മാർച്ച് 1 മുതൽ 2019 ഏപ്രിൽ 11 വരെയുള്ള വിവരങ്ങളും നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെ 4002 കോടി രൂപ വിലമതിക്കുന്ന 9159 ബോണ്ടുകൾ വിറ്റഴിച്ചിട്ടുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഈ കാലയളവിൽ വിറ്റതും റിഡീം ചെയ്തതുമായ ബോണ്ടുകളുടെ വിശദാംശങ്ങളും ആൽഫാന്യൂമെറിക് നമ്പർ, വാങ്ങിയ തീയതി, മൂല്യം, ദാതാക്കളുടെ പേരുകൾ, കക്ഷികളുടെ പേര് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് നിർദേശം നൽകണമെന്നും എസ്ബിഐയിൽ നിന്ന് ഈ വിവരങ്ങൾ ലഭിച്ച ശേഷം, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്ബിഐ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല് രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള് പരസ്യപ്പെടുത്താന് സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു വിവരങ്ങൾ കൈമാറാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് അത് പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്.

dot image
To advertise here,contact us
dot image