മുംബൈ: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ ഇടത് പാർട്ടികൾ പങ്കെടുക്കില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതാണ് വിട്ടു നിൽക്കാൻ പ്രധാന കാരണം. രാഹുലിൻ്റെ മത്സരം ഇൻഡ്യ സഖ്യത്തിന് എതിരാണെന്നാണ് ഇടത് പാർട്ടികൾ പറയുന്നത്. ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ വിവിധ സംസ്ഥാനങ്ങളില് അര്ഹമായ പരിഗണന കിട്ടാത്തതും വിട്ടുനില്ക്കാൻ കാരണമായിട്ടുണ്ട്.
ഇന്നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ അവസാനിക്കുന്നത്. യാത്രയുടെ സമാപനത്തിൽ നിന്നാണ് ഇടത് പാർട്ടികൾ വിട്ടുനിൽക്കുന്നത്. കേരളത്തിൽ നിന്ന് രാഹുൽ മത്സരിക്കുന്നതിനെ എൽഡിഎഫ് നേരത്തേയും ചോദ്യം ചെയ്തിരുന്നു. വയനാട് മണ്ഡലത്തിൽ സിപിഐയുടെ ആനി രാജയാണ് രാഹുൽ ഗാന്ധിയുടെ എതിർസ്ഥാനാർത്ഥി. ദേശീയ നേതാവായ രാഹുൽ ഗാന്ധി ബിജെപിക്കെതിരെയാണ് മത്സരിക്കേണ്ടത്, അല്ലാതെ ഇൻഡ്യ മുന്നണിയുടെ ഭാഗമായ ഇടത് സ്ഥാനാർത്ഥിക്ക് എതിരെയല്ലെന്നാണ് ഇടത് നേതാക്കൾ വാദിക്കുന്നത്.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും മറ്റ് ഇൻഡ്യ മുന്നണി നേതാക്കളെയും ന്യായ് യാത്രയിലേക്ക് കോൺഗ്രസ് ക്ഷണിച്ചിരുന്നു. എം കെ സ്റ്റാലിൻ , ശരത് പവാർ ,ഉദ്ധവ് താക്കറെ, തേജസ്വി യാദവ് എന്നിവർ സമ്മേളനത്തിന് എത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയിൽ നടക്കുന്നത്.
ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയ ശേഷം നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പ്രഖ്യാപിച്ചത്. മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര ഇന്നലെ മുംബൈയിലാണ് അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയിൽ എത്തിയത്. ഡോ. ബി ആർ അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം; മഹാസമ്മേളനം ഇന്ന്