'രാജാവിന്റെ ആത്മാവ് തിരഞ്ഞെടുപ്പ് യന്ത്രത്തിലും ഇ ഡിയിലും സിബിഐയിലും ഉണ്ട്'; രാഹുൽ ഗാന്ധി

കോൺഗ്രസ് വിട്ട മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് ജയിലിൽ പോകാൻ ധൈര്യമില്ലെന്നാണ് കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത്

dot image

മുംബൈ: രാജ്യത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നില്ലെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാജാവിന്റെ ആത്മാവ് തിരഞ്ഞെടുപ്പ് യന്ത്രത്തിലും ഇ ഡിയിലും സിബിഐയിലും ഉണ്ടെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. എല്ലാവരും ഭയപ്പെട്ടാണ് പാർട്ടികൾ വിടുന്നത്. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ആ നേതാവ് കരഞ്ഞു കൊണ്ട് തനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ലെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.

മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകൾ കൊണ്ട് താൻ കണ്ട കാര്യങ്ങൾ വിവരിക്കാൻ സാധിക്കില്ല. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ ഇല്ലെങ്കിൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ബാലറ്റ് പേപ്പറുകളും എണ്ണണം എന്ന് ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് അനുവദിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ജോലിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈയിലാണ് മഹാറാലി സംഘടിപ്പിക്കപ്പെട്ടത്. രാഹുൽ ഗാന്ധി അടക്കമുള്ള ഇൻഡ്യ മുന്നണിയുടെ പ്രധാന നേതാക്കൾ വേദിയിൽ സന്നിഹിതരായിരുന്നു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പനിയാണെന്നാണ് വിശദീകരണം. ശരദ് പവാർ, എം കെ സ്റ്റാലിൻ, ചംപയ് സോറൻ, മെഹബൂബ മുഫ്തി, മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

പൊതുജനങ്ങളെ സേവിക്കാനാണ് തങ്ങള് രാഷ്ട്രീയത്തില് പ്രവേശിച്ചതെന്ന് മഹാറാലിയിൽ സംസാരിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പറഞ്ഞു. ഇന്ത്യയുടെ ഹൃദയം മനസ്സിലാക്കാന് രാഹുല് ഗാന്ധി ഇന്ത്യ മുഴുവന് സഞ്ചരിച്ചു. ബിജെപി തകര്ത്ത ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

രാജ്യം എല്ലാവർക്കും ഉള്ളതാണെന്നും ഹിന്ദു-മുസ്ലിം ആരുമാകട്ടെ എല്ലാവരും ഭാരതീയരാണെന്നും റാലിയിൽ സംസാരിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. വോട്ടിങ്ങ് മെഷീനുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണിയുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഇവിഎം ഒഴിവാക്കുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. രാഹുല് ഗാന്ധിയുടെ പേരില് ഗാന്ധിയുണ്ടെന്നും ബിജെപി അതിനെ ഭയക്കുന്നുവെന്നും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 'ഇവിടെയുള്ള വ്യത്യസ്ത ആശയങ്ങളുള്ള ആളുകളെ നോക്കൂ, ഇതാണ് 'ഇന്ത്യ' എന്ന് ഞാന് നിങ്ങളോട് പറയട്ടെ. തിരഞ്ഞെടുപ്പ് ആരംഭിക്കാന് ഒരുങ്ങുകയാണ്. ഭരണഘടനയിലെ ഏറ്റവും ശക്തമായ ആയുധം ജനങ്ങളുടെ കൈയ്യിലുണ്ട്. അതാണ് വോട്ടിൻ്റെ ശക്തി'യെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നല്കാന് രാഹുല് ഗാന്ധി ശ്രമിച്ചിട്ടുണ്ടെന്ന് ആര്ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 'ഇന്ത്യന് ഭരണഘടനയെയും സാഹോദര്യത്തെയും രക്ഷിക്കാന് വിദ്വേഷത്തെ പരാജയപ്പെടുത്താന് അവര് 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചു. അതിന് രാഹുല് ഗാന്ധിക്കും കോണ്ഗ്രസ് പാര്ട്ടിക്കും ഞാന് ഹൃദയപൂര്വ്വം നന്ദി പറയുന്നു'വെന്നും തേജസ്വി യാദവ് വ്യക്തമാക്കി. മോദിയുമായും ഷായുമായും വ്യക്തിപരമായ വഴക്കില്ലെന്ന് വ്യക്തമാക്കിയ തേജസ്വി യാദവ് സ്വാതന്ത്ര്യ സമരത്തില് പങ്കെടുക്കാത്തവര്ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും വ്യക്തമാക്കി. ഓഫീസുകളില് ത്രിവര്ണ പതാക ഉയര്ത്താത്തവര്ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. തന്നെക്കാള് വലിയ രാജ്യസ്നേഹി മറ്റാരുമില്ലെന്നാണ് ഇന്ന് അദ്ദേഹം പറയുന്നതെന്ന് ചൂണ്ടിക്കാട്ടി തേജസ്വി യാദവ് മോദിയെ പരോക്ഷമായി വിമർശിച്ചു.

ജനുവരി 14ന് മണിപ്പൂരില് നിന്ന് ആരംഭിച്ച് 6,600 കിലോമീറ്റര് പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്ച മുംബൈയില് സമാപിച്ചത്. യാത്ര 15 സംസ്ഥാനങ്ങളിലൂടെയും ഏകദേശം 110 ജില്ലകളിലൂടെയും കടന്നുപോയി. യാത്രയ്ക്കിടെ രാഹുല് ഗാന്ധി 15 പൊതുയോഗങ്ങള് നടത്തുകയും 70 സ്ഥലങ്ങളില് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 14ന് ആരംഭിച്ച യാത്ര 63 ദിവസം കൊണ്ടാണ് മുംബൈയിൽ എത്തിയത്. ഡോ. ബി ആർ അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image