ന്യൂഡൽഹി: ഇന്ത്യന് ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ദത്താത്രേയ ഹൊസബെല്ല. ആര്എസ്എസിന്റെ സര്ക്കാര്യവാഹ് (ജനറല് സെക്രട്ടറി) ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബെല്ലെ. ഇന്ത്യന് ഭരണഘടനയില് നിലനില്ക്കുന്ന ന്യൂനപക്ഷ ആശയത്തെക്കുറിച്ച് പുനര്വിചിന്തനം ചെയ്യേണ്ടതുണ്ട്. ന്യൂനപക്ഷം എന്ന് പറയുമ്പോള് വേര്തിരിവ് തോന്നുമെന്നും ദത്താത്രേയ ഹൊസബെല്ലെ ചൂണ്ടിക്കാണിച്ചു. രാജ്യം ആരുടേതാണ് എന്ന് ചോദിച്ച ദത്താത്രേയ ഹൊസബെല്ലെ അത് എല്ലാവരുടേതുമാണെന്നും വ്യക്തമാക്കി. ഇന്ത്യയില് ഏത് മതം പിന്തുടരുന്നവരായാലും ആരെയും 'ഭൂരിപക്ഷം' അല്ലെങ്കില് 'ന്യൂനപക്ഷം' എന്ന കണ്ണാടിയിലൂടെ കാണരുതെന്നായിരുന്നു 1925ല് ആര്എസ്എസ് ആരംഭിച്ചത് മുതലുള്ള നിലപാടെന്നും ദത്താത്രേയ ഹൊസബെല്ലെ വ്യക്തമാക്കി.
'ഇന്ത്യയില് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പൊതുവെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഗുരു ഗോള്വാള്ക്കറുടെ കാലം മുതല് എല്ലാ സര്സംഘചാലക്മാരും അവരുമായി സംവാദം നടത്താന് ശ്രമിച്ചിട്ടുണ്ട്. ഈ സമുദായങ്ങളില് നിന്നുള്ള പ്രവര്ത്തകര് ആര്എസ്എസിലുമുണ്ട്. പക്ഷേ അവരെ ഷോ പീസുകളായി പ്രദര്ശിപ്പിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നില്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അടുത്തിടെ മണിപ്പൂരിലും ഹരിയാനയിലും നടന്ന വര്ഗ്ഗീയ സംഘര്ഷങ്ങളെക്കുറിച്ചും ദത്താത്രേയ ഹൊസബെല്ലെ പ്രതികരിച്ചു. മേവത്ത് മേഖലയില് ഒരുവിഭാഗം മുസ്ലിങ്ങള് വിഎച്ച്പി യാത്രയെ ക്രൂരമായി ആക്രമിച്ചു. ഇത് സംഘര്ഷം വ്യാപിക്കാനും പ്രശ്നങ്ങള് സൃഷ്ടിക്കാനും കാരണമായി. ഇത് മാസങ്ങളോളം നീണ്ടു, ഇപ്പോഴും ആ പ്രശ്നങ്ങള് പൂര്ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മണിപ്പൂരില് മെയ്തെയ്, കുക്കി വിഭാഗങ്ങള് തമ്മിലുള്ള സംഘര്ഷമാണ് പ്രശ്നങ്ങള്ക്ക് കാരണമായത്. ഇത് സമൂഹത്തില് മുറിപ്പാടുണ്ടാക്കി. മണിപ്പൂരിലെ ജനസമൂഹത്തിനിടയില് ഉണ്ടായിരിക്കുന്ന മാനസികമായ വിഭജനം അപകടകരമാണെന്ന് ദത്താത്രേയ ചൂണ്ടിക്കാണിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്ക്ക് മുമ്പ് പഞ്ചാബിലെ വിഘടനവാദ ഭീകരത കര്ഷക പ്രക്ഷോഭത്തിന്റെ മറവില് വീണ്ടും ഉയര്ന്നുവന്നിട്ടുണ്ടെന്നും ദത്താത്രേയ ഹൊസബെല്ല ചൂണ്ടിക്കാണിച്ചു. ഭാരതമോ ഹിന്ദുത്വമോ സംഘമോ ആയ എന്തിനോടും ശത്രുത പുലര്ത്തുന്ന ശക്തികള് ഈ മൂന്നിനെയും തകര്ക്കുന്നതിനോ അപകീര്ത്തിപ്പെടുത്തുന്നതിനോ പുതിയ പദ്ധതികള് രൂപപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'സനാതന ധര്മ്മമാണ് നമ്മുടെ രാജ്യത്തിൻ്റെ എല്ലാ അനാരോഗ്യങ്ങള്ക്കും കാരണം', അല്ലെങ്കില് 'ദക്ഷിണേന്ത്യയെ വെട്ടിമുറിക്കുക' തുടങ്ങിയ പ്രസ്താവനകൾ ഉയരുന്നതും ജാതി സെന്സസിന്റെ സെന്സിറ്റീവ് വിഷയത്തില് രാഷ്ട്രീയം കളിക്കുന്നതും രാഷ്ട്രത്തിന്റെ അനൈക്യത്തെ ലക്ഷ്യം വച്ചാണെന്നും ആര്എസ്എസിന്റെ ജനറല് സെക്രട്ടറി കുറ്റപ്പെടുത്തി.
ഇലക്ടറല് ബോണ്ട് പദ്ധതിയില് നരേന്ദ്ര മോദി സര്ക്കാരിനെ ദത്താത്രേയ ഹൊസബെല്ല ന്യായീകരച്ചു. ഇലക്ടറല് ബോണ്ട് ഒരു പരീക്ഷണം ആണെന്നും ഇത്തരം പരീക്ഷണങ്ങള് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് (ഇവിഎം) അവതരിപ്പിച്ചതാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. അതിനെതിരെയും ചോദ്യം ഉയര്ന്നിരുന്നുവെന്നും ദത്താത്രേയ ഹൊസബെല്ലെ ചൂണ്ടിക്കാണിച്ചു. ആളുകള്ക്ക് ഇത്തരം ചോദ്യങ്ങള് മനസ്സിലുണ്ടാകാമെന്നും എന്നാല് പുതിയ സംവിധാനം ഗുണകരവും ഫലവത്തുമാണോയെന്ന് കാലമാണ് തെളിയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിനാല് ഇത്തരം പുതിയ പരീക്ഷണങ്ങള് നടക്കണമെന്നാണ് സംഘിന്റെ നിലപാടെന്നും ദത്താത്രേയ ഹൊസബെല്ലെ പറഞ്ഞു.
ഞായറാഴ്ച നാഗ്പൂരി ചേര്ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ യോഗമാണ് ദത്താത്രേയ ഹൊസബെല്ലയെ വീണ്ടും ആര്എസ്എസിന്റെ ജനറല് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്.