ഗുവാഹത്തി: അസമില് ലോക്സഭ തിരഞ്ഞെടുപ്പില് മത്സരിക്കുന്ന ഒരാളെയൊഴികെ ബാക്കിയെല്ലാ കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെയും താന് ബിജെപിയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്മ്മ. കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല. തിരഞ്ഞെടുപ്പിന് ശേഷം അവര് കോണ്ഗ്രസില് തന്നെ തുടരുമോയെന്നാണ് ജനങ്ങള് ചോദിക്കുന്നത്. കാരണം ഒരാള്ക്കൊഴികെ എല്ലാവര്ക്കും ബിജെപിയിലേക്ക് വരണം, അവരെയെല്ലാം ഞാന് ബിജെപിയിലേക്ക് കൊണ്ടുവരും.' എന്നാണ് ഹിമന്ത പറഞ്ഞത്. തെക്കന് അസമിലെ കരിംഗഞ്ച് മണ്ഡലത്തില് പര്യടനം നടത്തവേയാണ് ഹിമന്തയുടെ ഈ വാക്കുകള്.
അസമിലെ 14ല് 13ലും ബിജെപിയും സഖ്യകക്ഷിയും വിജയിക്കുമെന്നും ഹിമന്ത പറഞ്ഞു. 2019ല് ബിജെപി ഒമ്പത് സീറ്റുകളിലാണ് വിജയിച്ചത്. കോണ്ഗ്രസ് മൂന്ന് സീറ്റുകളിലും വിജയിച്ചു. എഐയുഡിഎഫ് ഒരു സീറ്റിലും ഒരു സീറ്റില് സ്വതന്ത്രനും വിജയിച്ചു.