കര്ഷക സമരങ്ങൾ ദേശവിരുദ്ധമാണെന്ന പ്രസ്താവന; ആർഎസ്എസിനെ വിമർശിച്ച് അഖിലേന്ത്യാ കിസാൻ സഭ

'വര്ഗീയ കലാപങ്ങളിലും കൂട്ടക്കൊലകളിലും ദേശവിരുദ്ധ പങ്കുവഹിച്ചതിന്റെ പേരില് പലവട്ടം കുറ്റാരോപിതരായ ആര്എസ്എസിന്റെ ദുഷിച്ച നീക്കത്തെ അപലപിക്കുന്നു'

dot image

ന്യൂഡൽഹി: പഞ്ചാബിലും ഹരിയാനയിലും നടന്നുകൊണ്ടിരിക്കുന്ന കര്ഷക സമരങ്ങളെ ദേശവിരുദ്ധമെന്ന് വിശേഷിപ്പിച്ച ജനറല് സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയെയും ആര്എസ്എസിനെയും രൂക്ഷമായി വിമര്ശിച്ച് അഖിലേന്ത്യാ കിസാന് സഭ. കോര്പ്പറേറ്റ് അനുകൂല കാര്ഷിക നിയമങ്ങള് പിന്വലിക്കാന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാരിനെ നിര്ബന്ധിതരാക്കിയ സംയുക്ത കര്ഷക മോര്ച്ചയുടെ നേതൃത്വത്തിലുള്ള കര്ഷ ഐക്യ പ്രസ്ഥാനത്തോടുള്ള പ്രതികാരമാണ് സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവര് നടത്തുന്ന പ്രതികരണമെന്നും കിസാന് സഭ കുറ്റപ്പെടുത്തി. വര്ഗീയ കലാപങ്ങളിലും കൂട്ടക്കൊലകളിലും ദേശവിരുദ്ധ പങ്കുവഹിച്ചതിന്റെ പേരില് പലവട്ടം കുറ്റാരോപിതരായ ആര്എസ്എസിന്റെ ദുഷിച്ച നീക്കത്തെ അപലപിക്കുന്നതായും വാര്ത്താക്കുറിപ്പിലൂടെ അഖിലേന്ത്യാ കിസാന് സഭ വ്യക്തമാക്കി.

ഭഗതിനെപ്പോലുള്ള മഹാന്മാരായ സാമ്രാജ്യത്വ വിരുദ്ധ രക്തസാക്ഷികളെ അപകീര്ത്തിപ്പെടുത്തുന്ന ആര്എസ്എസ് നിലപാടിന്റെ തുടര്ച്ചയാണ് ഹൊസബെല്ലയുടെ പ്രതികരണമെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയതിനെ അപലപിച്ച് രാജ്യം മുഴുവന് തെരുവിലിറങ്ങിയപ്പോള് ആര്എസ്എസും മറ്റ് ഹിന്ദുത്വ സംഘടനകളും അവരെ അപലപിക്കുന്ന തിരക്കിലായിരുന്നു. പേരിന് പോലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ സൃഷ്ടിക്കാന് കഴിയാത്ത ആര്എസ്എസ് ഈ വിപ്ലവകാരികളുടെ അപാരമായ ത്യാഗങ്ങളെ 'പരാജയം' എന്ന് ഇകഴ്ത്തുകയാണ് ചെയ്തത്. ഗോള്വാള്ക്കറുടെ വിചാരധാരയില് ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അഖിലേന്ത്യാ കിസാന് സഭ ചൂണ്ടിക്കാണിച്ചു.

വിവിധ ഔദ്യോഗിക അന്വേഷണ കമ്മീഷന് റിപ്പോര്ട്ടുകള് വര്ഗീയ കലാപം ഉണ്ടാക്കുന്നതില് ആര്എസ്എസിന്റെ നികൃഷ്ടമായ പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. 1948-ല് മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷവും 1992-ല് ബാബറി മസ്ജിദ് തകര്ത്തതിനുശേഷവും ആര്എസ്എസിനെ നിരോധിച്ചു. സാമ്രാജ്യത്വ ശക്തികളുമായും സിഐഎ പോലുള്ള സാമ്രാജ്യത്വ ഏജൻസികളുമായും ഒത്തുകളിച്ച ചരിത്രം ആർഎസ്എസ് മറക്കരുത്. 1984ലെ സിഖ് വിരുദ്ധ വംശഹത്യയിലും 2002ലെ ഗുജറാത്ത് വംശഹത്യയിലും സംഘപരിവാര് പ്രവര്ത്തകര് വഹിച്ച പങ്ക് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കര്ഷക പ്രസ്ഥാനത്തിനെതിരെ കള്ളത്തരം പ്രചരിപ്പിക്കുന്ന ആര്എസ്എസിന്റെ ഫാസിസ്റ്റ് നിലപാടുകളെ ഒറ്റപ്പെടുത്താനും തുറന്നുകാട്ടാനും എല്ലാ ദേശസ്നേഹികളോടും ആഹ്വാനം ചെയ്യുന്നതായി വാര്ത്താക്കുറിപ്പില് അഖിലേന്ത്യാ കിസാന് സഭ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്ക്ക് മുമ്പ് പഞ്ചാബിലെ വിഘടനവാദ ഭീകരത കര്ഷക പ്രക്ഷോഭത്തിന്റെ മറവില് വീണ്ടും ഉയര്ന്നുവന്നിട്ടുണ്ടെന്നായിരുന്നു ദത്താത്രേയ ഹൊസബെല്ല പറഞ്ഞത്. ഞായറാഴ്ച നാഗ്പൂരിൽ ചേര്ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ യോഗം ദത്താത്രേയ ഹൊസബെല്ലയെ വീണ്ടും ആര്എസ്എസിന്റെ ജനറല് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബെല്ല. ഇന്ത്യന് ഭരണഘടനയില് നിലനില്ക്കുന്ന ന്യൂനപക്ഷ ആശയത്തെക്കുറിച്ച് പുനര്വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ദത്താത്രേയ ഹൊസബെല്ല പറഞ്ഞിരുന്നു. ന്യൂനപക്ഷം എന്ന് പറയുമ്പോള് വേര്തിരിവ് തോന്നുമെന്നും ദത്താത്രേയ ഹൊസബെല്ലെ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയില് ഏത് മതം പിന്തുടരുന്നവരായാലും ആരെയും 'ഭൂരിപക്ഷം' അല്ലെങ്കില് 'ന്യൂനപക്ഷം' എന്ന കണ്ണാടിയിലൂടെ കാണരുതെന്നായിരുന്നു 1925ല് ആര്എസ്എസ് ആരംഭിച്ചത് മുതലുള്ള നിലപാടെന്നും ദത്താത്രേയ ഹൊസബെല്ലെ വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us