ന്യൂഡല്ഹി: ലോക്സഭയില് ചോദ്യം ചോദിക്കാന് കോഴ വാങ്ങിയെന്ന കേസില് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ലോക്പാല് അഴിമതി വിരുദ്ധ സ്ക്വാഡാണ് ഉത്തരവിട്ടത്. മഹുവക്കെതിരായ ആരോപണം ഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണമെന്നും ലോക്പാല് ഉത്തരവില് പറയുന്നു.
ആരോപണത്തിലെ എല്ലാ വശവും പരിശോധിച്ച് ആറ് മാസത്തിനുള്ളില് സിബിഐ അന്വേഷണം പൂര്ത്തിയാക്കണമെന്നും എല്ലാ മാസവും റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും ലോക്പാല് നിര്ദേശിച്ചു.
'കാഷ് ഫോര് ക്വറി' ആരോപണത്തെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്ഷം മഹുവ മൊയ്ത്രയെ ലോക്സഭയില് നിന്ന് പുറത്താക്കിയത്. ലോക്സഭയില് നിന്ന് പുറത്താകിയതിനെതിരെ സുപ്രീം കോടതിയില് മഹുവ ഹര്ജി നല്കിയിട്ടുണ്ട്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്ക്കെതിരെ രംഗത്തെത്തിയത്.