തിരുപതി: നന്ദികോട്ട്കൂര് വൈഎസ്ആര്സിപി എംഎല്എ അര്ത്തൂര് തൊഗുരു രാജിവെച്ച് കോണ്ഗ്രസില് ചേര്ന്നു. ആന്ധ്രപ്രദേശ് കോണ്ഗ്രസ് അധ്യക്ഷ വൈഎസ് ശര്മിളയുടെ സാന്നിധ്യത്തിലാണ് കോണ്ഗ്രസ് പ്രവേശനം. ആന്ധ്രപ്രദേശ് നിയമസഭയില് മാര്ഷല് ആയിരുന്ന അര്ത്തൂര് വൈഎസ്ആര്സിപി ടിക്കറ്റില് മത്സരിച്ച് വിജയിക്കുകയായിരുന്നു. മുന് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സുരക്ഷാ വിഭാഗത്തിലായിരുന്നു അര്ത്തൂര്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് നന്ദികോട്ട്കൂര് മണ്ഡലത്തില് നിന്നും വൈഎസ്ആര്സിപി ദാരാസുധീറിനെ മത്സരിപ്പിക്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് അര്ത്തൂര് പാര്ട്ടി വിട്ടത്. കഴിഞ്ഞ രണ്ട് വര്ഷമായി അര്ത്തൂരും പാര്ട്ടിയിലെ ബൈറെഡ്ഡി സിദ്ധാര്ത്ഥ് റെഡ്ഡിയും തമ്മിലുള്ള പോര് ശക്തമാണ്. സിദ്ധാര്ത്ഥ് റെഡ്ഡിയാണ് മണ്ഡലത്തില് ദാരാ സുധീറിനെ നിര്ദേശിച്ചത്.
വൈഎസ്ആര്സിപി വിട്ട അര്ത്തൂര് ടിഡിപിയില് ചേരാന് ശ്രമം നടത്തിയിരുന്നെങ്കിലും അത് ഒഴിവാക്കി കോണ്ഗ്രസിലേക്കെത്തുകയായിരുന്നു.