അഗര്ത്തല: ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവായി സിപിഐഎം നിയമസഭ കക്ഷി നേതാവ് ജിതേന്ദ്ര ചൗധരിയെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായിരുന്ന, തിപ്ര മോത്ത പാര്ട്ടി എംഎല്എ അനിമേഷ് ദേബര്മ്മ മുഖ്യമന്ത്രി മണിക് സാഹ നയിക്കുന്ന ബിജെപി സര്ക്കാരില് മന്ത്രിയായതിനെ തുടര്ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിവ് വന്നിരുന്നു. മുന് മന്ത്രിയും മുന് ലോക്സഭ എംപിയുമാണ് ജിതേന്ദ്ര ചൗധരി.
'കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ലഭിച്ച വോട്ട് ശതമാനത്തിന്റെ(24.62%) അടിസ്ഥാനത്തില് രണ്ടാം സ്ഥാനത്ത് ഞങ്ങളാണ്. എന്നാല് തിപ്ര മോത്തക്ക് 13 സീറ്റ്(20%) ലഭിച്ചതിനാല് അവരെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു. സിപിഐഎമ്മിന് 11 സീറ്റുകളാണ് ലഭിച്ചത്.', ജിതേന്ദ്ര ചൗധരി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില് സിപിഐഎമ്മും കോണ്ഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സിപിഐഎം 11 സീറ്റുകളിലും കോണ്ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. ബോക്സാനഗറില് നിന്നുള്ള സിപിഐഎം എംഎല്എ ഷംസുല് ഹഖ് അന്തരിച്ചതിനെ തുടര്ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഉപതിരഞ്ഞെടുപ്പില് ബിജെപി സീറ്റ് പിടിച്ചെടുത്തതിനെ തുടര്ന്ന് സിപിഐഎം അംഗസംഖ്യ 10ആയി ചുരുങ്ങിയിരുന്നു. ബിജെപിയുടെ അംഗസംഖ്യ 33 ആയി ഉയരുകയും ചെയ്തിരുന്നു.