ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ചെറുവിക്ഷേപണ വാഹനം പുഷ്പക് വിജയകരമായി റണ്വേയില് പറന്നിറങ്ങി. പുനരുപയോഗം സാധ്യമാകുന്ന റോക്കറ്റ് വിഭാഗത്തില് രാജ്യത്തിന്റെ നിര്ണായക ചുവടുവെപ്പാണ് പുഷ്പക്. യുഎസിന്റെ സ്പേസ് ഷട്ടിലിന് സമാനമായ പുഷ്പകിന് ഒരു എസ്യുവിയുടെ വലുപ്പം മാത്രമാണുള്ളത്.
പരീക്ഷണത്തിന്റെ ഭാഗമായി എയര്ഫോഴ്സ് ഹെലികോപ്റ്ററില് 4.5 കിലോമീറ്റര് ഉയരത്തിലെത്തിച്ച പുഷ്പക് വേര്പെടുത്തുകയായിരുന്നു. കര്ണാടകയിലെ ചിത്രദുര്ഗയിലെ എയറോനോട്ടിക്കല് ടെസ്റ്റ് റേഞ്ചിലെ റണ്വേയിലാണ് ലാന്റ് ചെയ്തത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്ഒ ചെയര്മാന് എസ് സോമനാഥന് പറഞ്ഞു. ബഹിരാകാശ യാത്ര ചെലവുകുറഞ്ഞതാക്കാനുള്ള ഇന്ത്യയുടെ പരീക്ഷണങ്ങളില് വഴിത്തിരിവാണ് പുഷ്പകെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് സങ്കീര്ണമായ സാഹചര്യങ്ങളില് റോബോട്ടിക് ലാന്ഡിങിന് സാധ്യമാകുന്നതിന്റെ ഭാഗമായി നടന്ന പരീക്ഷണമാണ് നടന്നത്. ഗതിനിര്ണയ സംവിധാനങ്ങള്, നിയന്ത്രണ സംവിധാനങ്ങള്, ലാന്ഡിങ് ഗിയര് ഉള്പ്പടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഐഎസ്ആര്ഒ പരിശോധിച്ചു. പുഷ്പക് പൂര്ണമായി പ്രവര്ത്തനക്ഷമമാകാന് ഇനിയും വര്ഷങ്ങള് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.