ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

അയൽ ജില്ലയായ സുക്മയിൽ ഐഇഡി സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് പരിക്കേറ്റതായും വിവരമുണ്ട്

dot image

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അയൽ ജില്ലയായ സുക്മയിൽ ഐഇഡി സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥർ നക്സൽ വിരുദ്ധ ഓപ്പറേഷനു തയാറെടുക്കവെയാണ് വെടിവയ്പുണ്ടായതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി വാർത്താ ഏജൻസിയോട് പറഞ്ഞു. മാവോയിസ്റ്റ് കോട്ടയായി കണക്കാക്കപ്പെടുന്ന ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകൾ ചേരുന്ന ജംഗ്ഷനിലാണ് ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്സലൈറ്റുകൾ വെടിയുതിർത്തത്. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ്പിനു കാരണമായി. രണ്ട് നക്സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇതേ ഓപ്പറേഷൻ്റെ ഭാഗമായി ദന്തേവാഡ-സുക്മ അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബസ്തർ ഫൈറ്റേഴ്സിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി ഐജി സുന്ദർരാജ് പറഞ്ഞു.

സുക്മ ജില്ലയിലെ ജഗർഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ദോഡിതുംനാർ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ അന്തർ ജില്ലാ അതിർത്തിയിലെ വനം വളയുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ബസ്തർ ഫൈറ്റേഴ്സ്-ദന്തേവാഡയിലെ കോൺസ്റ്റബിൾമാരായ വികാസ് കുമാർ കർമ്മ, രാകേഷ് കുമാർ മർകം എന്നിവര്ക്കാണ് പരിക്കേറ്റത്.

dot image
To advertise here,contact us
dot image