കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കെതിരെ രാജകുടുംബത്തിൽ നിന്നുള്ള അമൃത റോയിയെ രംഗത്തിറക്കി ബിജെപി. കൃഷ്ണനഗറിലാണ് അമൃത റോയ് മത്സരിക്കുന്നത്. അമൃത റോയ് ഉൾപ്പെടെ 111 പേരുകൾ അടങ്ങുന്ന അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി ഞായറാഴ്ച പുറത്തുവിട്ടത്.
അമൃത റോയിയുടെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് കരുത്ത് പകരുമെന്നും തൃണമൂൽ കോൺഗ്രസിൻ്റെ മഹുവ മൊയ്ത്രയോട് അവർ ശക്തമായ പോരാട്ടം നടത്തുമെന്നുമാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ നിരീക്ഷണം. അമൃത റോയിയെ സ്ഥാനാർഥിയാക്കാൻ ആദ്യം താൽപര്യം കാണിച്ചത് നദിയ ജില്ലാ നേതൃത്വമാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. തുടർന്ന് പാർട്ടി അവരെ സമീപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ സമ്മതിക്കുന്നതിന് മുമ്പ് നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് 6,14,872 വോട്ടുകൾ നേടിയാണ് മഹുവ മൊയ്ത്ര വിജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണനഗറിൽ നിന്ന് അവർ വിജയിച്ചത്. 5,51,654 വോട്ടുകളായിരുന്നു ബിജെപിയുടെ കല്യാൺ ചൗബെയ്ക്ക് ലഭിച്ചത്. 2009 മുതൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് കൃഷ്ണനഗർ.