മഹാരാഷ്ട്രയിൽ ഭരണസഖ്യത്തിൽ നിന്നും പിന്മാറുമെന്ന് അജിത് പവാർ വിഭാഗം; സീറ്റ് വിഭജന തര്ക്കം രൂക്ഷം

പവാര് കുടുംബത്തിന് സ്വാധീനമുള്ള ബാരാമതി സീറ്റിന്റെ പേരിലാണ് തര്ക്കം ഉടലെടുത്തത്

dot image

മുംബൈ: മഹാരാഷ്ട്രയില് ഭരണസഖ്യത്തില് സീറ്റ് വിഭജന തര്ക്കം രൂക്ഷം. ഏക്നാഥ് ഷിന്ഡെ വിഭാഗം ശിവസേനയുടെ മുതിര്ന്ന നേതാവിനെ പുറത്താക്കണമെന്ന എന്സിപി അജിത് പവാര് വിഭാഗത്തിന്റെ ആവശ്യമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭരണസഖ്യത്തില് നിന്നും പിന്മാറുമെന്നും അജിത് പവാര് വിഭാഗം ഭീഷണി മുഴക്കി. പവാര് കുടുംബത്തിന് സ്വാധീനമുള്ള ബാരാമതി സീറ്റിന്റെ പേരിലാണ് തര്ക്കം ഉടലെടുത്തത്.

ഏകനാഥ് ഷിന്ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നേതാവായ വിജയ് ശിവ്താരെ ബാരാമതിയില് നിന്ന് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമായത്. അജിത് പവാര് രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന രൂക്ഷവിമര്ശനം ഉയര്ത്തി വിജയ് ശിവ്താരെ രംഗത്ത് വന്നത് പ്രശ്നം വഷളാക്കി. ഇതോടെ ശിവ്താരയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര് വിഭാഗം രംഗത്ത് വന്നു. 'ഉപമുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച ശിവ്താരയ്ക്കെതിരെ ഞങ്ങള് നടപടി ആവശ്യപ്പെട്ടിരുന്നു. വീണ്ടും നമ്മുടെ നേതാവിനെതിരെ അദ്ദേഹം ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. ഇനി ശിവ്താരയെ പുറത്താക്കുക എന്നത് മാത്രമാണ് പോംവഴി. അല്ലാത്തപക്ഷം മഹായുതി സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന്' എന്സിപി മുഖ്യ വക്താവ് ഉമേഷ് പാട്ടീലിനെ ഉദ്ധരിച്ച് ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു.

നേരത്തെ ബാരാമതിയില് നിന്നും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്സിപി ശരദ് പവാര് വിഭാഗം സുപ്രിയ സുലെയുടെ സ്ഥാനാര്ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒരു ഡസനോളം സീറ്റുകളില് തര്ക്കം തുടരുന്നതാണ് മഹാരാഷ്ട്രയില് എന്ഡിഎ മുന്നണിയിലെ സീറ്റ് തര്ക്കം രൂക്ഷമാക്കുന്നത്. ആറോളം സീറ്റുകളില് ശിവസേന ഷിന്ഡെ വിഭാഗവും ബിജെപിയും തമ്മിലാണ് തര്ക്കമെങ്കില് ബാക്കി സീറ്റുകളില് ഷിന്ഡെ വിഭാഗവും അജിത് പവാര് വിഭാഗവുമായാണ് തര്ക്കം. മുഖ്യമന്ത്രി ഷിന്ഡെയുടെ മകന് ശ്രീകാന്ത് ഷിന്ഡെ പ്രതിനിധീകരിക്കുന്ന കല്യാണാണ് തര്ക്കത്തിലുള്ള പ്രധാന സീറ്റുകളിലൊന്ന്. ഇവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള് ശക്തമായ സമ്മര്ദ്ദമാണ് നേതൃത്വത്തിന് മേല്ചെലുത്തുന്നത്. ബിജെപിയും ഏക്നാഥ് ഷിന്ഡെ വിഭാഗവും അവകാശവാദമുന്നയിക്കുന്ന താനെ, പാല്ഘര് ലോക്സഭാ സീറ്റുകളും സഖ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇതിനിടെ സഖ്യം വിടുമെന്ന എന്സിപിയുടെ ഭീഷണിക്ക് പിന്നാലെ ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില് സഖ്യകക്ഷി നേതാക്കള് തമ്മില് വീണ്ടും കൂടിക്കാഴ്ച നടത്തി.

dot image
To advertise here,contact us
dot image