ലഖ്നൗ: ഉത്തർപ്രദേശ് എംപി വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ്. ഈ മഹത്തായ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ വരുൺ ഗാന്ധിയെ ലോക്സഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഓഫർ. മുന് കോണ്ഗ്രസ് നേതാവ് ജിതിന് പ്രസാദയാണ് ഇത്തവണ വരുണിന് പകരം പിലിഭിത്തില് ബിജെപി സ്ഥാനാർത്ഥിയാവുന്നത്.
"അദ്ദേഹം ഇവിടേക്ക് വന്നാൽ ഞങ്ങൾക്ക് സന്തോഷമായിരിക്കും. വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന് ക്ലീൻ ഇമേജുണ്ട് . ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാൽ ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. അദ്ദേഹം കോൺഗ്രസിലേക്ക് വരണമെന്ന് ഞാൻ കരുതുന്നു," ചൗധരി പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്ന് വരുൺ ഗാന്ധിയുടെ അമ്മ മേനക ഗാന്ധി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും.
പിലിഭിത്തില് സീറ്റ് നിഷേധിച്ചാല് വരുണ് ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വരുൺ പലതവണ വിമർശിച്ചിരുന്നു. തുടർന്നാണ് സ്ഥാനാർത്ഥിയാക്കേണ്ടെന്ന തീരുമാനം പാർട്ടി എടുത്തതെന്നാണ് വിലയിരുത്തൽ. എന്നാൽ വരുൺ ഗാന്ധിയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.