ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടപടിയിൽ കോൺഗ്രസിന് തിരിച്ചടി. നാല് വർഷത്തെ ആദായ നികുതി പുനർനിർണയിക്കാനുള്ള ആദായ നികുതി വകുപ്പിൻ്റെ തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2017 മുതൽ 2020 വരെയുള്ള നാല് വർഷത്തെ നികുതി നിർണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്.
സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിൻ്റെ നടപടി എന്ന കോൺഗ്രസ്സ് വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ 2014 മുതലുള്ള മൂന്ന് വർഷത്തെ നികുതി നിർണയം ചോദ്യം ചെയ്തുള്ള ഹർജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കിൽ കോൺഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.