ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് അഴിമതിയുടെ ഭാഗമല്ല, മറിച്ച് നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചതാണെന്ന് ധനമന്ത്രി നിര്മ്മലാ സീതാരാമന്. പ്രതിപക്ഷത്തിന് ഉള്പ്പെടെ എല്ലാ പാര്ട്ടികള്ക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. അക്കൗണ്ടുകള് വഴിയുള്ള പണകൈമാറ്റം ശരിയായ രീതിയില് തന്നെയാണ് നടന്നിട്ടുള്ളത്. മറിച്ച് കള്ളപ്പണ ഇടപാട് അല്ലെന്നും നിര്മ്മലാ സീതാരാമന് പറഞ്ഞു.
ഇലക്ട്രല് ബോണ്ടിനെ കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കാന് ശ്രമിക്കരുത്. എല്ലാവരോടും കൂടിയാലോചിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയുമാണ് ഓരോ നടപടികളും സര്ക്കാര് മുന്നോട്ടു കൊണ്ടുപോകുന്നതെന്നും നിര്മ്മലാ സീതാരാമന് പറഞ്ഞു.
ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയില് രാജ്യത്തെ ബാങ്കുകളെ മാറ്റി. കോവിഡിനു ശേഷം ഏറ്റവും വളര്ച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. പ്രതിസന്ധികള് ഉണ്ടായപ്പോഴും നികുതി വര്ധിപ്പിക്കാന് സര്ക്കാര് തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു. എഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്ക്ക് അതില് പരിശീലനം നല്കുകയാണ് വേണ്ടത്. എഐ സംവിധാനങ്ങള് എല്ലാ മേഖലയിലും ഉയര്ച്ച ഉണ്ടാക്കുമെന്നും നിര്മ്മലാ സീതാരാമന് പറഞ്ഞു.
കേന്ദ്ര സര്ക്കാരിന്റെ തുടര്ച്ച വേണമെന്ന് ജനങ്ങള് ആഗ്രഹിക്കുന്നുണ്ട്. ചുവപ്പുനാട എന്ന സംവിധാനം ഇല്ലാതെയായി. അഴിമതിയില്ലാത്ത ഭരണസംവിധാനമാണ് രാജ്യത്തിന് മുന്നിലേക്ക് വെച്ചതെന്നും നിര്മ്മലാ സീതാരാമന് അവകാശപ്പെട്ടു.