ഉത്തർപ്രദേശ്: പിലിഭിത്ത് മണ്ഡലത്തില് ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വോട്ടർമാർക്ക് വൈകാരിക കുറിപ്പെഴുതി വരുൺ ഗാന്ധി. 'പിലിഭിത്തിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. നിങ്ങളുടെ താല്പര്യങ്ങൾ ഉയർത്തി പിടിക്കാൻ എല്ലാ സമയത്തും ശ്രമിച്ചിട്ടുണ്ട്. ഒരു എംപി അല്ലെങ്കിൽ മകനായി നിങ്ങൾക്കൊപ്പമുണ്ടാവും ' വരുൺ ഗാന്ധി കുറിപ്പിൽ പറയുന്നു. 1983-ൽ അമ്മ മനേക ഗാന്ധിയുടെ കൈ പിടിച്ച് ആദ്യമായി പിലിഭിത്തിലെത്തിയ മൂന്നുവയസ്സുകാരനായ തന്നെ ഓർക്കുന്നുവെന്നും വരുൺ പറഞ്ഞു.
പിലിഭിത്തിൽ നിന്ന് രണ്ട് തവണ എംപിയായ ആളാണ് വരുൺ ഗാന്ധി, 2019 ലെ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ ഹേംരാജ് വർമയെ 2.55 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഗാന്ധി പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണ ബിജെപി വരുൺ ഗാന്ധിയെ പൂർണ്ണമായി മാറ്റി നിർത്തി. ബിജെപിക്കെതിരെ സമീപ കാലങ്ങളിൽ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചതോടെയാണ് വരുൺഗാന്ധിക്ക് സീറ്റ് നഷ്ടമായത്.