ചിന്ദ്വാര: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്ഗ്രസിന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമര്വാരയില് നിന്നുള്ള എംഎല്എ ബിജെപിയില് പ്രവേശിച്ചു. മൂന്ന് തവണ എംഎല്എയായ കോൺഗ്രസ് നേതാവ് കമലേഷ് ഷായാണ് ബിജെപിയിൽ ചേർന്നത്. ഏപ്രില് 19 ന് ആദ്യഘട്ടത്തില് വോട്ടെടുപ്പ് നടക്കുന്ന ചിന്ദ്വാര കോണ്ഗ്രസ് നേതാവും മുന് മുഖ്യമന്ത്രിയുമായ കമല്നാഥിന്റെ സ്വന്തം ജില്ലയാണ്.
പാര്ട്ടി ദേശീയ ജോയിന്റ് ജനറല് സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹന് യാദവ്, സംസ്ഥാന അധ്യക്ഷന് വിഷ്ണു ദത്ത് ശര്മ എന്നിവര് ചേര്ന്നാണ് ഷായെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഭാര്യ ഹരായി നഗര് പാലിക ചെയര്പേഴ്സണ് മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസര് നേതം എന്നിവര്ക്കൊപ്പമായിരുന്നു ഷായുടെ ബിജെപി പ്രവേശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്ത്തനങ്ങളില് ആകൃഷ്ടരായാണ് ഷായും കുടുംബാംഗങ്ങളും തങ്ങളുടെ പാര്ട്ടിയിലേക്ക് വന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാന ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേന്ദ്ര സിംഗ്, ജോയിന്റ് ഇന്ചാര്ജ് സതീഷ് ഉപാധ്യായ, മുതിര്ന്ന മന്ത്രി കൈലാഷ് വിജയവര്ഗിയ തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
മാണ്ഡിയില് പ്രചാരണം തുടങ്ങി കങ്കണ; 'മോദി ജി കോ ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം2013, 2018, 2023 നിയമസഭാ തിരഞ്ഞെടുപ്പുകളില് അമര്വാരയില് നിന്ന് കോണ്ഗ്രസ് ടിക്കറ്റിലാണ് ഷാ വിജയിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക മണ്ഡലമാണ് ചിന്ദ്വാര. കമൽനാഥിൻ്റെ മകൻ നകുല് നാഥാണ് ഇവിടെ സിറ്റിങ്ങ് എം പി. കമല്നാഥ് ഒമ്പത് തവണ പാര്ലമെന്റില് പ്രതിനിധീകരിച്ച ചിന്ദ്വാരയില് നിന്ന് ഇത്തവണ നകുൽ നാഥ് നാമനിര്ദേശ പത്രിക സമര്പ്പിച്ചിരിക്കുന്നത്. കമൽനാഥ് ചിന്ദ്വാര നിയമസഭാ സീറ്റില് നിന്നുള്ള സിറ്റിങ്ങ് എംഎല്എയാണ്.