ഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ നാളത്തെ റാലി വ്യക്തി കേന്ദ്രീകൃത റാലി അല്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഈ റാലി ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും ആംആദ്മിക്ക് പരോക്ഷ സന്ദേശമായി ജയറാം രമേശ് പറഞ്ഞു. കെജ്രവാളിൻ്റെ അറസ്റ്റിനെതിരായ റാലി എന്നായിരുന്നു ആംആദ്മി പ്രചാരണം. കെജ്രിവാളിൻ്റെ അറസ്റ്റ് റാലിയിലെ പല വിഷയങ്ങളിൽ ഒന്നാണെന്ന് ജയറാം രമേശ് പറഞ്ഞു. രാംലീല മൈതാനിയിലാണ് റാലി നടക്കുക. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കം പ്രധാന നേതാക്കൾ റാലിയിൽ പങ്കെടുക്കും. മാഹാറാലി ഇന്ത്യ സഖ്യത്തിൻ്റെ ശക്തി പ്രകടനമാക്കാൻ അവസാന വട്ട ഒരുക്കത്തിലാണ് നേതാക്കൾ.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ, രാഹുല് ഗാന്ധി, സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല് സെക്രട്ടറി ഡി രാജ, എന്സിപി അധ്യക്ഷൻ ശരദ് പവാര്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില് നിന്ന് ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആര്ജെഡി നേതാവ് തേജസ്വി യാദവ്, ടിഎംസിയിൽ നിന്ന് ഡെറിക് ഒബ്രിയന്, ഡിഎംകെയില് നിന്ന് തിരുച്ചി ശിവ, നാഷനല് കോണ്ഫറന്സ് നേതാവ് ഫറൂഖ് അബ്ദുല്ല, ജെഎംഎമ്മില് നിന്ന് ജാര്ഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ അടക്കമുളള നേതാക്കൾ നാളെത്തെ രാം ലീല മൈതാനിയിലെ മഹാറാലിയിൽ പങ്കെടുക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്പുള്ള ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമാകും നാളത്തെ റാലി. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടുനിന്ന ഇടത് പാർട്ടികൾ അടക്കം അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കാൻ എത്തുകയാണ്. ഇഡി, സിബിഐ, ഐടി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരന്തരം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന പശ്ചാത്തലത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനം ഇന്ത്യ നേതാക്കൾ ഉയർത്തും. ദില്ലി ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് പരമാവധി പ്രവര്ത്തകരെ അണിനിരത്താനാണ് കോണ്ഗ്രസും എഎപിയും ലക്ഷ്യമിടുന്നത്.
ഇന്ഡ്യ സഖ്യ സീറ്റ് വിഭജനം; ബിഹാറിലും മഹാരാഷ്ട്രയിലും പൊട്ടിത്തെറി