ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളിൽ അസ്വസ്ഥരാണെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പഞ്ചാബിൽ നിന്നുള്ള കർഷകർ. രണ്ട് മാസത്തോളമായി ഹരിയാനയിലെ അതിർത്തികളിൽ തമ്പടിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് വരികയാണ് ഇവർ. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അനുയോജ്യമായി കരുതുന്നില്ലെന്നാണ് ഇവരുടെ പ്രതികരണം.
ഫെബ്രുവരി 13നാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചത്. കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പ് നൽകണമെന്ന ആവശ്യവുമായാണ് കർഷകർ സമരം ആരംഭിച്ചത്. എന്നാൽ മാർച്ച് ഹരിയാന അതിർത്തിയിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭുവിലും ഖനൗരിയിലുമായി തമ്പടിച്ചിരിക്കുകയാണ്.
ബിജെപി സർക്കാരിനെയും നയങ്ങളെയും എതിർക്കാൻ പ്രതിജ്ഞാബദ്ധരാണ് കർഷകരെന്ന് ആൾ ഇന്ത്യ കിസാൻ സഭ അംഗം കൃഷ്ണ പ്രസാദ് പിടിഐയോട് പറഞ്ഞു. 'പക്ഷേ ഞങ്ങൾ തിരഞ്ഞെടുപ്പിഷൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഡൽഹിയിൽ നടന്ന മഹാപഞ്ചായത്തിൽ, ബിജെപിയെ എതിർക്കുമെന്നും ബിജെപി നയങ്ങളെ തുറന്നുകാണിക്കുമെന്നും ഞങ്ങൾ പ്രഖ്യാപിച്ചതാണ്. ഇതിന് വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ചത്', പ്രസാദ് പറഞ്ഞു.
'ഫെബ്രുവരി 13 മുതൽ ഞങ്ങൾ അതിർത്തികളിലാണ്. ഞങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. പ്രതിപക്ഷത്താകുമ്പോൾ എല്ലാ പാർട്ടികളും കർഷകരെ പിന്തുണയ്ക്കും എന്നാൽ അധികാരത്തിലെത്തുമ്പോൾ അവരെല്ലാം കോർപ്പറേറ്റ് അനുകൂലികളും കർഷക വിരുദ്ധരുമായിത്തീരും' - രാഷ്ട്രീയ കിസാൻ മഹാസംഘ് അംഗം അഭിമന്യു കൊഹാർ പറഞ്ഞു.
'ഡൽഹി ചലോ'യ്ക്ക് പിന്നാലെ 'റെയിൽ റൊക്കോ' പ്രതിഷേധവുമായി കർഷകർ; ട്രെയിൻ തടയും