ഡല്ഹി: ആദായ നികുതി വകുപ്പ് നടപടിക്ക് എതിരെ കോൺഗ്രസ് ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. സമയബന്ധിതമായി പൂർത്തിയാക്കേണ്ട ആദായനികുതി പരിശോധന കാലാവധി കഴിഞ്ഞ ശേഷം നടത്തുന്നത് നിയമപരമല്ലെന്നാണ് കോൺഗ്രസിന്റെ വാദം. 3567 കോടി രൂപ അടയ്ക്കാൻ നിർദ്ദേശിച്ച് ആണ് കോൺഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.
1745 കോടിയിലധികം രൂപ നികുതി ആവശ്യപ്പെട്ട് കോണ്ഗ്രസിന് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. നേരത്തെ ആദായ നികുതി വകുപ്പ് കോണ്ഗ്രസിനോട് 1823 കോടി രൂപ നികുതിയായി ആവശ്യപ്പെട്ടിരുന്നു. ആകെ 3,567 കോടി രൂപയാണ് നിലവില് നികുതിയിനത്തില് കോണ്ഗ്രസ് നല്കേണ്ടത്.
2014-15 സാമ്പത്തിക വര്ഷത്തെ 663 കോടി രൂപ, 2015-16ലെ ഏകദേശം 664 കോടി, 2016-17ല് ഏകദേശം 417 കോടി എന്നിങ്ങനെയാണ് പുതിയ ആദായനികുതി നോട്ടീസുകളെന്നാണ് റിപ്പോര്ട്ട്. നേരത്തെ 1823 കോടി രൂപ നികുതിയായി ആവശ്യപ്പെട്ട് കോണ്ഗ്രസിന് വകുപ്പില് നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. മുന്വര്ഷങ്ങളിലെ നികുതിയുമായി ബന്ധപ്പെട്ട് പാര്ട്ടിയുടെ അക്കൗണ്ടില് നിന്ന് 135 കോടി രൂപ അധികാരികള് ഇതിനകം പിന്വലിച്ചിട്ടുണ്ട്.
ഇതിനിടെ ബിജെപി നഗ്നമായ നികുതി ലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്ഗ്രസ് ട്രഷറര് അജയ് മാക്കന് രംഗത്തെത്തിയിരുന്നു. കോണ്ഗ്രസിനെതിരെ പറഞ്ഞിരിക്കുന്ന നികുതി ലംഘനത്തിൻ്റെ അളവുകോലുകള് ഉപയോഗിച്ചാല് ബിജെപിക്ക് 4600 കോടി രൂപ നികുതി അടയ്ക്കേണ്ടിവരുമെന്ന് അജയ് മാക്കന് ആരോപിച്ചിരുന്നു. കോണ്ഗ്രസിന്റെ നിയമ ലംഘനങ്ങള് വിശകലനം ചെയ്യാന് ഉപയോഗിച്ച അതേ അളവുകോലുകള് ഉപയോഗിച്ച് കോണ്ഗ്രസും ബിജെപിയുടെ എല്ലാ ലംഘനങ്ങളും വിശകലനം ചെയ്തിട്ടുണ്ട്. 4600 കോടി രൂപയാണ് ബിജെപി പിഴയായി നല്കേണ്ടത്. ഈ തുക നല്കണമെന്ന് ആദായനികുതി വകുപ്പ് ബിജെപിയോട് ആവശ്യം ഉന്നയിക്കണമെന്നും അജയ് മാക്കന് പറഞ്ഞിരുന്നു. കോണ്ഗ്രസിനെയും സമാന ചിന്താഗതിക്കാരായ മറ്റ് പ്രതിപക്ഷ പാര്ട്ടികളെയും ഐ-ടി വകുപ്പ് തിരഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുകയാണെന്നും അജയ് മാക്കന് ആരോപിച്ചു.
കേന്ദ്ര സര്ക്കാരിന്റേത് നികുതി ഭീകരതയാണെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്ട്ടിയെ തളര്ത്താനാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി. കോണ്ഗ്രസിനെ സാമ്പത്തികമായി തളര്ത്താനുള്ള ശ്രമങ്ങള് നടക്കുന്നുണ്ട്. പക്ഷേ തങ്ങള് തളരാന് പോകുന്നില്ല എന്നായിരുന്നു മുതിര്ന്ന കോണ്ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. നാല് വര്ഷത്തെ നികുതി പുനര്നിര്ണയ നടപടികള് ആരംഭിച്ചതിനെ ചോദ്യം ചെയ്ത് കോണ്ഗ്രസ് സമര്പ്പിച്ച ഹര്ജി നേരത്തെ ഡല്ഹി ഹൈക്കോടതി തള്ളിയിരുന്നു.