ചണ്ഡീഗഢ്: മുന് ആംആദ്മി പാര്ട്ടി എംപി ഡോ. ധരംവീര് ഗാന്ധി കോണ്ഗ്രസില് ചേര്ന്നു. ന്യൂഡല്ഹിയില് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ധരംവീര് ഗാന്ധിയുടെ കോണ്ഗ്രസ് പ്രവേശനം.
2014ല് പട്യാലയില് നിന്നാണ് ധരംവീര് ഗാന്ധി എംപിയായി വിജയിച്ചത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി പ്രണീത് കൗറിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2016ല് ആംആദ്മി പാര്ട്ടിയില് നിന്ന് രാജിവെക്കുകയും നവാന് പഞ്ചാബ് പാര്ട്ടി രൂപീകരിക്കുകയുമായിരുന്നു.
മുന് മുഖ്യമന്ത്രി അമരീന്ദര് സിംഗിന്റെ ഭാര്യ കൂടിയായ പ്രണീത് കൗറും ബിജെപിയില് ചേര്ന്നിരുന്നു. സിറ്റിംഗ് എംപിയായ പ്രണീത് കൗറാണ് പട്യാലയിലെ ബിജെപി സ്ഥാനാര്ത്ഥി. 2014ല് പ്രണീത് കൗറിനെ പരാജയപ്പെടുത്തിയ ധരംവീര് ഗാന്ധിയെ മണ്ഡലത്തില് സ്ഥാനാര്ത്ഥിക്കാനാണ് കോണ്ഗ്രസ് തീരുമാനം.
ധരംവീര് ഗാന്ധിയെ പാര്ട്ടിയിലെത്തിച്ചതിന് പിന്നില് രാഹുല് ഗാന്ധിയാണെന്നാണ് വിവരം. കഴിഞ്ഞ വര്ഷം ഭാരത് ജോഡോ യാത്ര പഞ്ചാബില് പര്യടനം നടത്തിയപ്പോള് ധരംവീര് ഗാന്ധി ജാഥയുടെ ഭാഗമായിരുന്നു. ധരംവീര് ഗാന്ധിയുടെ വരവ് കോണ്ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കോണ്ഗ്രസ് നിയമസഭ കക്ഷി നേതാവ് പ്രതാപ് സിംഗ് ബാജ്വ പറഞ്ഞു.
ഇന്ത്യന് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പാണിത്. പൂര്ണ്ണമായ ഏകാധിപത്യത്തിലേക്ക് രാജ്യം പോകുന്നതില് നിന്ന് രക്ഷപ്പെടുത്തേണ്ടതുണ്ട്. കോണ്ഗ്രസ് മാത്രമാണ് അതിനുള്ള ഏക വഴിയെന്നും ധരംവീര് ഗാന്ധി പറഞ്ഞു.