'ഇലക്ടറൽ ബോണ്ടിനെ എതിർക്കുന്നവർ നാളെ ഖേദിക്കും'; പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

'ഞാൻ ആണ് ഇലക്ടറൽ ബോണ്ടുകൾ മുന്നോട്ട് വച്ചത്. ഇലക്ടറൽ ബോണ്ടിന് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിന്റെ സ്രോതസ്സ് കണ്ടെത്താം'

dot image

ഡൽഹി: ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കും. 2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയിട്ടില്ല. 'ഞാൻ ആണ് ഇലക്ടറൽ ബോണ്ടുകൾ മുന്നോട്ട് വച്ചത്. ഇലക്ടറൽ ബോണ്ടിന് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിന്റെ സ്രോതസ്സ് കണ്ടെത്താം'; മോദി പറഞ്ഞു. ഒന്നും പൂർണമല്ല അപൂർണതകൾ പരിഹരിക്കാൻ കഴിയുമെന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി കൂട്ടിച്ചേർത്തു.

2018 ൽ വിജ്ഞാപനം ചെയ്ത ഇലക്ടറൽ ബോണ്ട് ഫെബ്രുവരി 15നാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഏപ്രിൽ മുതൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വിധി പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തു. വിവിധ തിരഞ്ഞെടുപ്പുകളിലായി ഇലക്ടറൽ ബോണ്ടിൽ ഏറ്റവുമധികം ഫണ്ട് സ്വീകരിച്ചത് ബിജെപിയാണ്.

ഇലക്ടറൽ ബോണ്ടുകൾക്ക് പുറമേ, തമിഴ്നാട്ടിൽ ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അവരുടെ നഷ്ടം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. ഞങ്ങളുടെ സൗഹൃദം ശക്തമായിരുന്നു. ഖേദമുണ്ടെങ്കിൽ അത് എഐഎഡിഎംകെയുടെ ഭാഗത്തുനിന്നായിരിക്കണം. ബിജെപിയുടെ ഭാഗത്തുനിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ (ജെ ജയലളിത) സ്വപ്നങ്ങൾ തകർത്ത് പാപം ചെയ്യുന്നവർ മാത്രമേ ഖേദിക്കേണ്ടതുള്ളൂവെന്നും മോദി കൂട്ടിച്ചേർത്തു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു എഐഎഡിഎംകെ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നത്. എന്നാൽ 2023 സെപ്തംബർ അവസാനത്തോടെ എഐഎഡിഎംകെ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

രാമക്ഷേത്രം ഭരണനേട്ടമാക്കി പ്രധാനമന്ത്രി; അഴിമതിയിൽ പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us