സുല്ത്താന്പൂര്: ഉത്തര് പ്രദേശ് എം പി വരുണ് ഗാന്ധി ബിജെപി വിട്ടു പോകുമോ എന്ന ചോദ്യത്തിന് മറുപടി നല്കി അമ്മയും ബിജെപി എംപിയുമായ മനേക ഗാന്ധി. വരുൺ ഗാന്ധി എന്താണ് ചെയ്യാന് പോകുന്നത് എന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇത് പരിഗണിക്കുമെന്നുമായിരുന്നു മനേക ഗാന്ധിയുടെ മറുപടി. സുൽത്താൻപുരിൽ 10 ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അവര്.
മനേക ഗാന്ധിക്ക് ബിജെപി സുൽത്താൻപൂരിൽ ടിക്കറ്റ് നൽകുകയും പിലിഭിത് എംപി വരുൺ ഗാന്ധിക്ക് ഇത്തവണ ടിക്കറ്റ് നിഷേധിക്കുകയുമായിരുന്നു. 2009 മുതൽ പിലിഭിതിൽ എംപിയാണ് വരുൺ ഗാന്ധി. സുൽത്താൻപൂരിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു.
'ബിജെപിയിൽ ആയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ടിക്കറ്റ് തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും നദ്ദാ ജിക്കും നന്ദി. വളരെ വൈകിയാണ് ടിക്കറ്റ് പ്രഖ്യാപിച്ചത്. അതിനാൽ എവിടെ പോരാടണം എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്തിൽ നിന്ന് അല്ലെങ്കിൽ സുൽത്താൻപൂർ, പാർട്ടി ഇപ്പോൾ എടുത്ത തീരുമാനത്തിന് ഞാൻ നന്ദിയുള്ളവളാണ്', മനേക ഗാന്ധി പറഞ്ഞു.
സ്ഥാനാര്ത്ഥിയായ ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. ജില്ലയിലെ 10 ദിവസത്തെ സന്ദർശനത്തിൽ ലോക്സഭാ മണ്ഡലത്തിലെ 101 ഗ്രാമങ്ങൾ സന്ദർശിക്കും. കട്ക ഗുപ്തർഗഞ്ച്, തത്യാനഗർ, തെദുയി, ഗോലാഘട്ട്, ഷാഗഞ്ച് സ്ക്വയർ, ദരിയാപൂർ തിരഹ, പയാഗിപൂർ സ്ക്വയർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും മനേക ഗാന്ധിയെ വരവേറ്റു.