മഥുര: ബിജെപിയുടെ സിറ്റിംഗ് സീറ്റായ മഥുരയിൽ ഹേമമാലിനിക്കെതിരെ കോൺഗ്രസ് കളത്തിലിറക്കുക ബോക്സിംഗ് താരം വിജേന്ദർ സിംഗിനെയെന്ന് സൂചന. രാധേ രാധേ എന്ന് വിജേന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. മഥുര, വൃന്ദാവൻ മേഖലയിലുള്ളവർ പരസ്പരം അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന വാക്കാണ് രാധേ രാധേ.
സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണം ശക്തമായതോടെ മറുപടിയുമായി വിജേന്ദർ രംഗത്തെത്തി. പൊതുജനം ആവശ്യപ്പെടുന്ന എവിടെയും മത്സരിക്കാൻ ഞാൻ തയ്യാറാണ്. വിജേന്ദർ എക്സിൽ കുറിച്ചു. മഥുര മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള ജാട്ട് സമുദായ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കമെന്നാണ് സൂചന. ഇതേ സമുദായത്തിൽ നിന്നുള്ളയാളാണ് വിജേന്ദർ. ഹേമമാലിനിയെ ജാട്ട് സഹോദരി എന്നാണ് പാർട്ടി പ്രവർത്തകർ വിശേഷിപ്പിക്കാറുള്ളത്. 35 ശതമാനത്തിലേറെ വോട്ടുകൾ ജാട്ട് സമുദായത്തിന്റേതാണ് എന്നാണ് കണക്ക്. ഹേമമാലിനിക്കു വേണ്ടി ഇത്തവണയും ഭർത്താവ് ധർമേന്ദ്ര പ്രചാരണത്തിനിറങ്ങുമെന്നും വിവരമുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഹേമമാലിനിക്കൊപ്പം നിന്ന മണ്ഡലമാണ് മഥുര.
ഹരിയാനയിലെ ഭിവാനിയിൽ നിന്നുള്ളയാളാണ് വിജേന്ദർ. 2008ൽ ബെയ്ജിംഗ് ഒളിമ്പിക്സിൽ ബോക്സിംഗിൽ വെങ്കല മെഡൽ ജേതാവാണ്. 2009ൽ ഖേൽ രത്ന അവാർഡ് ലഭിച്ചു. 2010ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലേക്കെത്തിയ വിജേന്ദർ അന്ന് സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം.